
കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ അഭിഭാഷക നിയമത്തിനു വിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് നടൻ ദിലീപിന്റെ സീനിയർ അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള കേരള ബാർ കൗൺസിലിന് മറുപടി നൽകി. കേസിൽ അഡ്വ. രാമൻപിള്ള, അഡ്വ. ഫിലിപ്പ് ടി. വർഗീസ്, അഡ്വ. സുജേഷ് മേനോൻ എന്നിവർ നിയമവിരുദ്ധമായി ഇടപെട്ടെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും ശ്രമിച്ചെന്നും ആരോപിച്ച് നടി പരാതി നൽകിയതിനെ തുടർന്ന് ബാർ കൗൺസിൽ മൂന്നു പേരോടും വിശദീകരണം തേടിയിരുന്നു.
അഭിഭാഷക നിയമത്തിലെ സെക്ഷൻ 35 പ്രകാരം നടപടിയെടുക്കേണ്ട വിധത്തിലുള്ള ഔദ്യോഗിക പെരുമാറ്റദൂഷ്യം തനിക്കെതിരെ ആരോപിക്കാൻ കഴിയില്ലെന്ന് രാമൻപിള്ളയുടെ മറുപടിയിൽ പറയുന്നു. മറ്റ് രണ്ടു പേരും മറുപടി നൽകിയിട്ടില്ല. ഇക്കാര്യം ഓർമ്മപ്പെടുത്തി ബാർ കൗൺസിൽ ഇരുവർക്കും കത്തു നൽകിയിട്ടുണ്ട്. അഡ്വ. രാമൻപിള്ളയുടെ മറുപടിയുടെ പകർപ്പ് ബാർ കൗൺസിൽ നടിക്കു നൽകി കൂടുതൽ വിശദീകരണം തേടും. നടിയുടെ വിശദീകരണം കൂടി പരിഗണിച്ചാണ് പരാതിയിൽ തീർപ്പു കൽപ്പിക്കുക.
കേസിലെ തെളിവു നശിപ്പിക്കാൻ അഭിഭാഷകർ ദിലീപടക്കമുള്ളവരുടെ ഫോണുകളുമായി മുംബയിലെ സ്വകാര്യ ഫോറൻസിക് ലാബിനെ സമീപിച്ചെന്നും ചില സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടി കേരള ബാർ കൗൺസിലിന് പരാതി നൽകിയത്.
പരാതിയിൽ നടി തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. ക്രൈംബ്രാഞ്ച് കണ്ടെത്തിയ തെളിവുകൾ ആധാരമാക്കി പരാതിയിൽ തീരുമാനമെടുക്കണമെന്നാണ് നടിയുടെ ആവശ്യം. നടി തന്നെ തെളിവുകൾ ഹാജരാക്കണമെന്നാണ് ചട്ടം പറയുന്നത്.