കോലഞ്ചേരി: കരിമുഗൾ- ബ്രഹ്മപുരം റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ മൂക്ക് പൊത്തണം. കൊച്ചിയുടെ സ്മാർട്ട് നഗരത്തിലേയ്ക്കുള്ള പ്രവേശനപാതയായ ഈ റോഡ് മാലിന്യനിക്ഷേപ കേന്ദ്രമായി മാറിക്കഴിഞ്ഞു.

റോഡിന് ഇരുവശവും കെട്ടുകണക്കിന് മാലിന്യമാണ് കൂടിക്കിടക്കുന്നത്. മാംസാവശിഷ്ടം മുതൽ പ്ലാസ്​റ്റിക്, തലമുടി, കാറ്ററിംഗ് വെയ്സ്റ്റുകളും ഇവിടെയുണ്ട്. ആൾ താമസം കുറഞ്ഞ മേഖലകൾ കേന്ദ്രീകരിച്ച് രാത്രിയുടെ മറവിലാണ് മാലിന്യ നിക്ഷേപം. മാലിന്യ ചാക്കുകളെ പൊതിഞ്ഞ് ഈച്ചയും, ചാക്കുകൾ കൊത്തി വലിച്ച് കാക്കയും, മാലിന്യങ്ങൾ ഭക്ഷിക്കാൻ എത്തുന്ന തെരുവു നായ്ക്കളും നാട്ടുകാരുടെ സ്വസ്ഥത കെടുത്തുകയാണ്. ഭക്ഷണത്തിനായി കടിപിടി കൂടുന്ന നായകൾ ബൈക്കുകൾക്ക് മുന്നിൽ ചാടി ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. ജില്ലയുടെ ഭരണസിരാകേന്ദ്രത്തിലേയ്ക്കുള്ള പ്രധാന പ്രവേശനകവാടം കൂടിയാണിത്. പുത്തൻകുരിശ് പഞ്ചായത്തിന്റെ പരിധിയിലുള്ള ഈ പ്രദേശത്ത് റോഡിന് ഇരുവശും മാലിന്യനിക്ഷേപം നടത്തരുത് എന്ന ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും പലതും പിഴുത് മാറ്റുകയും നശിപ്പിക്കുകയും ചെയ്തു. മഴക്കാലമായതോടെ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് മഴവെള്ളത്തിനൊപ്പം ജലാശയങ്ങളിലേക്ക് ഒഴുകുകയാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും. തൊട്ടുചേർന്നുള്ള ബ്രഹ്മപുരം മാലിന്യപ്ലാന്റിലേയ്ക്ക് പോകുന്ന വാഹനങ്ങളിൽ നിന്നും മലിനജലം റോഡിലേക്ക് വീഴുന്നതും ഇതു വഴിയുള്ള യാത്ര ദുരിതപൂർണ്ണമാക്കുന്നു. സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതൊന്നും കണ്ടതായി ഭാവിക്കുന്നില്ല. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.