vijay-babu

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. ദുബായിലേക്കു മുങ്ങിയ വിജയ് ബാബുവിന്റെ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ദുബായിൽ നിന്ന് ഇന്നു കൊച്ചിയിലെത്താൻ വിജയ് ബാബു എടുത്ത ഫ്ലൈറ്റ് ടിക്കറ്റിന്റെ പകർപ്പ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഹർജി വീണ്ടും പരിഗണിക്കുന്ന ജൂൺ രണ്ടുവരെ അറസ്റ്റ് തടഞ്ഞത്.

കൊച്ചിയിലെത്തുന്ന വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന് വിജയ് ബാബുവിനെ ചോദ്യംചെയ്യാം. അറസ്റ്റ് നാളെ വരെ പാടില്ല. ഇക്കാര്യം ബ്യൂറോ ഒഫ് ഇമിഗ്രേഷനെയും അറിയിക്കണം. കേസിൽ മുൻകൂർ ജാമ്യ ഹർജി മറ്റൊരു ബെഞ്ച് പരിഗണിച്ചപ്പോൾ മേയ് 30 ന് കൊച്ചിയിലേക്ക് മടങ്ങിയെത്താനുള്ള ടിക്കറ്റിന്റെ പകർപ്പ് വിജയ് ബാബു ഹാജരാക്കിയിരുന്നു. എന്നാൽ ഇടക്കാല മുൻകൂർ ജാമ്യം ലഭിക്കാതെ വന്നതോടെ വിജയ് ബാബു മടങ്ങിയെത്തിയില്ല. ഹൈക്കോടതി ജഡ്‌ജിമാരുടെ പരിഗണനാ വിഷയങ്ങൾ കഴിഞ്ഞ ദിവസം മാറിയതോടെയാണ് ഇന്നലെ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിൽ എത്തിയത്.

മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ഇരയുടെ പേരു വെളിപ്പെടുത്തിയതിന് മറ്റൊരു കേസും ഇയാൾക്കെതിരെയുണ്ട്. ഏപ്രിൽ 22ന് പൊലീസ് കേസെടുത്തെങ്കിലും 24ന് വിജയ് ബാബു ദുബായിലേക്ക് പോയിരുന്നു.

ഇരയും പ്രതിയും

ഇടക്കാല ജാമ്യവും?

ഇടക്കാല മുൻകൂർ ജാമ്യം നൽകുന്നതിനെ സർക്കാരിനുവേണ്ടി ഹാജരായ അഡി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (എ.ഡി.ജി.പി) ഗ്രേഷ്യസ് കുര്യാക്കോസ് എതിർത്തു. വിചാരണ നേരിടാൻ പ്രതിയെ നാട്ടിലെത്തിക്കുകയാണ് വേണ്ടതെന്നും അന്വേഷണത്തിനും വിചാരണയ്ക്കും അതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി. ഇടക്കാല മുൻകൂർ ജാമ്യം നൽകരുതെന്നും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിനു കഴിയുമെന്നും എ.ഡി.ജി.പി വാദിച്ചു. എങ്കിലെന്തുകൊണ്ടാണ് ഏപ്രിൽ 22 മുതൽ മേയ് 31 വരെ അറസ്റ്റ് ചെയ്യാത്തതെന്ന് സിംഗിൾബെഞ്ച് ചോദിച്ചു. ഇടക്കാല മുൻകൂർ ജാമ്യം നൽകിയില്ലെങ്കിൽ പ്രതി അവിടെ നിന്ന് ഒളിവിൽ പോകും. ഇത്തരത്തിൽ നിരവധി സംഭവങ്ങളുണ്ട്. നാട്ടിൽ തിരിച്ചെത്തിയാലേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ കഴിയൂ. ഇരയ്ക്കും പ്രതിക്കും അതാണ് നല്ലത്. നിലവിലെ സാഹചര്യത്തിൽ എയർപോർട്ടിൽ വന്നിറങ്ങിയാലുടൻ അറസ്റ്റിലാകും. ഇങ്ങനെ അറസ്റ്റ് ചെയ്തിട്ട് എന്തു നേടാനാണ്? അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് മാദ്ധ്യമങ്ങളെ കാണിക്കാനാണോ? ഇത് ഈഗോ ക്ളാഷിന്റെ പ്രശ്നമല്ലെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഇരയായ നടി ഹർജിയെ എതിർത്ത് കക്ഷി ചേർന്നിരുന്നു.