കൊച്ചി: വിദ്യാർത്ഥികളുടെ ആശങ്കയും മാനസികാവസ്ഥയും പരിഗണിച്ച് കൊവിഡിന് മുൻകാലത്തെ സൗഹൃദപരമായ പഠനാന്തരീക്ഷം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകളോടെ സി.ബി.എസ്.ഇ സ്കൂളുകൾ ഇന്ന് തുറക്കും. അദ്ധ്യാപകർക്ക് പരിശീലനം ഉൾപ്പെടെ മുന്നൊരുക്കങ്ങൾ പൂർത്തിയായി.
സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാണ് സ്കൂളുകൾ തുറക്കുന്നതെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു. സി.ബി.എസ്.ഇയുടെ ദീക്ഷ പോർട്ടൽ വഴിയും സി.ബി.എ.സ്.ഇ സെന്റർ ഒഫ് എക്‌സലൻസ് വഴിയും മാറിയ വിദ്യാഭ്യാസ സാഹചര്യം സംബന്ധിച്ച് അദ്ധ്യാപകർക്ക് പരിശീലനം നൽകി.
സി.ബി.എസ്.ഇ മേഖലയിൽ കൊഴിഞ്ഞുപോക്ക് സംഭവിച്ചിട്ടില്ല. ദേശീയതലത്തിൽ മെഡിക്കൽ, ഐ.ഐ.ടി മേഖലകളിലെ 60 ശതമാനം വിദ്യാർത്ഥികളും സി.ബി.എസ്.ഇയിൽ നിന്നുള്ളവരാണ്. മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകൾക്ക് പുറമേ സർവകലാശാലകളും പ്രവേശന പരീക്ഷകൾ ആരംഭിച്ചു. വിദ്യാർത്ഥികളുടെ ഗുണനിലവാരം അവലോകനംചെയ്യാൻ കേന്ദ്രസിലബസ് അടിസ്ഥാനമാക്കിയതും സി.ബി.എസ്.ഇയിലേയ്ക്ക് കുട്ടികൾ ചേരുന്നതിനു കാരണമായി.
ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമ്പോൾ എല്ലാ അദ്ധ്യയനവർഷത്തിലും പരീക്ഷകൾ നടത്തുന്നതിനുപകരം നിരന്തര മൂല്യനിർണയശൈലിയിലേയ്ക്ക് മാറും. പഠനത്തെയും വികസനത്തെയും പ്രോത്സാഹിപ്പിക്കുകയും വിശകലനം, ആശയപരമായ വ്യക്തത തുടങ്ങിയ കഴിവുകൾ പരീക്ഷിക്കുകയും ചെയ്യും. ഇത്തരം മാറ്റങ്ങൾ വിദ്യാർത്ഥികളുടെ സമഗ്രപുരോഗതിക്ക് അനുകൂലമാകും എന്നതിനാലാണ് മക്കളെ സി.ബി.എസ്.ഇ സിലബസിൽ പഠിപ്പിക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നതെന്ന് ഡോ. ഇന്ദിര രാജൻ പറഞ്ഞു.