കുറുപ്പംപടി: കുറുപ്പംപടി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങൾ ടൗൺ കടക്കണമെങ്കിൽ മണിക്കൂറുകൾ എടുക്കും. ട്രാഫിക് ക്രമീകരണങ്ങളാേ നിയന്ത്രണങ്ങളോ ഇല്ലാത്ത കുറുപ്പംപടി ടൗണിലെ യാത്ര ഓരോ ദിവസവും ദുർഘടമാവുകയാണ്. ജനപ്രതിനിധികളും പാെലീസും ഗതാഗത തടസം നീക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പള്ളിക്കവല മുതൽ തിയേറ്റർ ജംഗ്ഷൻ വരെയാണ് ഗതാഗതക്കുരുക്കിൽ വലയുന്നത്.കീഴില്ലം ഭാഗത്തുനിന്ന് കുറിച്ചിലക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നിയന്ത്രണമില്ലാതെ ആലുവ - മൂന്നാർ റോഡ് മുറിച്ചുകടക്കുന്നതാണ് പ്രശ്നകാരണങ്ങളിലൊന്ന്. കോട്ടപ്പടി, കൊമ്പനാട്, പാണിയേലി, മേക്കപ്പാല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പള്ളിക്കവലയിൽ എ.എം റോഡിലേക്ക് കടക്കുന്നതും ട്രാഫിക് തടസത്തിന് കാരണമാകുന്നു. റോഡിന്റെ ഈ ഭാഗം പൊളിഞ്ഞുകിടക്കുന്നതും വാഹനയാത്ര ദുഷ്കരമാക്കുന്നുണ്ട്. ആശുപത്രി ജംഗ്ഷനിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത് റോഡിന്റെ ദുരവസ്ഥയാണ്. ടൗണിലെ ബാങ്കുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും വരുന്ന വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.വൺവേ ഏർപ്പെടുത്തിയും പൊലീസ് കാര്യക്ഷമമായി ഇടപെട്ടും അനധികൃത പാർക്കിംഗ് അവസാനിപ്പിച്ചും ഗതാഗതം സുഗമമാക്കണമെന്നാണ് യാത്രികരുടെ ആവശ്യം.