മൂവാറ്റുപുഴ: കപ്പയ്ക്ക് അജ്ഞാതരോഗം ബാധിച്ചത് കർഷകരെആശങ്കയിലാഴ്ത്തുന്നു. അപ്രതീക്ഷിതമായ രോഗബാധ വില്പനയെ ബാധിച്ചാൽ വരുമാനം ഇടിയുമെന്ന ആകുലതയിലാണ് കർഷകർ.

ആവശ്യക്കാർ ഏറിയതോടെ കപ്പയ്ക്ക് നിലവിൽ 22 രൂപ മുതൽ 25 രൂപ വരെ മൊത്ത വില ലഭിക്കുന്നുണ്ട്. എന്നാൽ ആവശ്യത്തിനു കപ്പ ലഭിക്കാത്ത സാഹചര്യവും നിലവിലുണ്ട്. തണ്ട് ചീഞ്ഞ് ഇലകൾ കൊഴിഞ്ഞ് ഉണങ്ങിപ്പോകുന്നതാണ് കപ്പച്ചെടികളെ ബാധിച്ചിരിക്കുന്ന രോഗം. സാധാരണ നിലയിൽ തണ്ട് ചീയൽ രോഗം കപ്പയിൽ കണ്ടുവന്നിരുന്നില്ല. എന്നാൽ കിഴക്കൻ മേഖലയിൽ കപ്പക്കൃഷി ചെയ്യുന്ന പല ഭാഗങ്ങളിലും ഈ രോഗം വ്യാപകമാവുകയാണ്. ചെലവ് കുറവായതിനാൽ കിഴക്കൻ മേഖലയിലെ പാടശേഖരങ്ങളിൽ കപ്പക്കൃഷി സജീവമാണ്. ഇവിടങ്ങളിലാണ് രോഗം വേഗം പടരുന്നത്. വേനൽമഴവെള്ളം കെട്ടിനിന്ന് തണ്ടു ചീയുന്നതാകാമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാൽ പ്രളയ കാലത്തു പോലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. കൊവിഡിന് ശേഷം കപ്പക്കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കാൻ തുടങ്ങിയതിനിടെയാണ് രോഗം വ്യാപിക്കുന്നത്. തണ്ടു ചീയലിന് പ്രതിരോധ മാർഗങ്ങളൊന്നും ഇല്ലാത്തതും കർഷകരെ കൂടുതൽ ആശങ്കയിലാഴ്ത്തുന്നു.