ആലുവ: ഒറ്റപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന ആലുവ. ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ സാമൂഹ്യ വിരുദ്ധരുടെ താവളമായിമാറുന്നു. സുരക്ഷയുടെ കാര്യത്തിൽ സ്കൂൾ അധികൃതരും നഗരസഭയും കാണിക്കുന്ന അനാസ്ഥയാണ് സാമൂഹ്യ വിരുദ്ധർക്ക് വളമാകുന്നത്.

സമീപ കാലത്ത് സ്കൂളിൽ നിരവധി മോഷണങ്ങളാണ് നടന്നത്. സ്കൂളിലെ വയറിംഗ് മുഴുവൻ പൊളിച്ച് ചെമ്പുകമ്പി മോഷ്ടിച്ചിരുന്നു. സ്‌കൗട്ട് ഭവൻ, സ്‌കൂൾ ഓഡിറ്റോറിയം എന്നിവയുടെ വാതിൽ കുത്തിതുറന്നാണ് ചെമ്പുകമ്പികൾ മോഷ്ടിച്ചത്. ഓഫിസ് കെട്ടിടത്തിലും മറ്റൊരു കെട്ടിടത്തിലും മോഷണം നടന്നിരുന്നു. സി.സി.ടി.വി, ഇൻറർനെറ്റ് കേബിളുകൾ മുറിച്ചുകളഞ്ഞിരുന്നു. ഇവക്കുള്ളിലെ ചെമ്പുകമ്പികളും നഷ്ടമായി.

സ്‌കൂളിന്റെ ചുറ്റുമതിൽ പല ഭാഗങ്ങളിലും തകർന്നിരിക്കുകയാണ്. ഇതാണ് സാമൂഹ്യ വിരുദ്ധർക്കും മോഷ്ടാക്കൾക്കും സഹായകമാകുന്നത്. സ്‌കൂളിനെ സംരിക്ഷിക്കുന്നതിൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയും ഉദ്യോഗസ്ഥരും പരാജയമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ആലുവ നഗരസഭക്ക് കീഴിലാണ് നിലവിൽ സ്‌കൂളുള്ളത്. നഗരസഭയിൽ വിദ്യാഭ്യാസ കാര്യങ്ങൾക്കായി സ്ഥിരം സമിതിയുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനാഥമായ അവസ്ഥയിലാണെന്നും ആക്ഷേപമുണ്ട്.