മട്ടാഞ്ചേരി: പുതിയ അദ്ധ്യയന വർഷം ആഘോഷത്തോടെ ഇന്ന് ആരംഭിക്കാനിരിക്കെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള അരി എത്തിയില്ല. വിദ്യാഭ്യാസ വകുപ്പ് മേയ് അവസാനം തന്നെ ഇൻഡന്റ് തയ്യാറാക്കി അയച്ചെങ്കിലും ഭക്ഷ്യവകുപ്പ് ഗോഡൗണിൽ നിന്ന് അരി ലഭ്യമാക്കാത്തത് പ്രധാനദ്ധ്യാപകരെ ആശങ്കയിലാക്കി. മാവേലി സ്റ്റോറുകളിൽ ആവശ്യത്തിന് അരി ലഭ്യമല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അറിയുന്നത്. പ്രധാനദ്ധ്യാപകർ ഭക്ഷ്യവകുപ്പ് അധികൃതരെ ബന്ധപ്പെടുമ്പോൾ ഗോഡൗണിൽ അരിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നതത്രേ. ഉച്ചഭക്ഷണ പദ്ധതി യാതൊരു കാരണവശാലും മുടങ്ങരുതെന്ന നിർദേശമാണ് ഉപജില്ലാ തലത്തിൽ നിന്ന് സ്കൂളുകളിലേക്ക് ലഭിച്ചത്. ഇതിന് പിന്നാലെ ഇത് സംബന്ധിച്ച വിദ്യഭ്യാസ വകുപ്പിന്റെ ഉത്തരവും സ്കൂളുകളിൽ ലഭിച്ചു. അർഹരായ എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകാൻ സ്കൂളുകൾക്ക് നിർദേശം നൽകണമെന്ന് പൊതു വിദ്യഭ്യാസ ഡയറക്ടർ ജില്ലാ, ഉപജില്ലാ വിദ്യഭ്യാസ ഓഫിസർമാർക്ക് നിർദേശം നൽകി കൊണ്ടുള്ള ഉത്തരവാണ് സ്കൂളുകളിൽ ലഭിച്ചിട്ടുള്ളത്‌. ജൂൺ മാസത്തിലെ ഇൻഡന്റ് ചെയ്യപ്പെട്ട അരി ചിലയിടങ്ങളിൽ ലഭ്യമാകാത്ത സാഹചര്യത്തിൽ പദ്ധതി തടസപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവിലുള്ളത്. രണ്ട് മൂന്ന് ദിവസങ്ങൾക്കകം അരിയുടെ കുറവ് പരിഹരിക്കപ്പെടുമെന്നും ഉത്തരവിൽ പറയുന്നു.പൊതുവിപണിയിൽ നിന്ന് അരി വാങ്ങുമ്പോഴുണ്ടാകുന്ന ചെലവ് നൽകുമെന്നും വിദ്യഭ്യാസ ഡയറക്ടർ ഇറക്കിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.