ആലങ്ങാട്: പരാതി സംബന്ധിച്ച് വിവരങ്ങൾ തിരക്കാൻ ആലുവ വെസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ എത്തിയ കരുമാല്ലൂർ പഞ്ചായത്ത് വനിതാഅംഗത്തോട് സ്‌റ്റേഷൻ ഓഫീസർ അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം. കരുമാലൂർ പഞ്ചായത്ത് പതിനേഴാം വാർഡ് അംഗം ശ്രീദേവി സുധിക്കാണ് സർക്കിൾ ഇൻസ്‌പെക്ടറിൽ നിന്നു മോശം അനുഭവമുണ്ടായത്. വാർഡിലെ ഒരു വനിത നൽകിയ പരാതിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കാനാണ് പഞ്ചായത്ത അംഗം സ്‌റ്റേഷനിൽ എത്തിയത്. എന്നാൽ വ്യക്തമായി കേൾക്കാൻ കൂട്ടാക്കാതെ പോലീസുകാർ പരിഹസിക്കുകയായിരുന്നെന്നാണ് ആക്ഷേപം. ഇത് ചോദ്യം ചെയ്ത പഞ്ചായത്തം അംഗത്തോട് സർക്കിൾ ഇൻസ്‌പെക്ടർ കയർക്കുകയും സ്റ്റേഷനിൽനിന്ന് ഇറങ്ങിപ്പോകാൻ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. വിഷയം ചർച്ച ചെയ്ത പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും റൂറൽ എസ്.പിക്കും പരാതി നൽകി. വനിതാ അംഗത്തെ അധിക്ഷേപിച്ച പോലീസുകാർക്കെതിരെ അച്ചനടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജനപ്രതിനിധികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, എ.എം. അലി, കെ.എ. ജോസഫ്, ബീന ബാബു, മുഹമ്മദ് മെഹജൂബ്, മോഹൻ കാംപിള്ളി എന്നിവർ പ്രസംഗിച്ചു.