
കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ നടൻ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുമായി ഒത്തുനോക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണം നിലനിൽക്കെയാണിത്.
പീഡനദൃശ്യങ്ങളുടെ വിവരണം എഴുതിയ നാലു പേജിന്റെ ചിത്രങ്ങൾ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിലെ സംഭാഷണങ്ങളും വിശദാംശവുമൊക്കെ എഴുതിയെടുത്തതിന്റെ പകർപ്പാണിതെന്നും ദൃശ്യങ്ങൾ പലതവണ ആവർത്തിച്ചു കണ്ടാലേ ഇതു രേഖപ്പെടുത്താൻ കഴിയൂവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
അഭിഭാഷകന്റെ പക്കൽ നിന്നാണ് ഇതിന്റെ ചിത്രമെടുത്തതെന്ന് അനൂപ് ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നെങ്കിലും ഡിജിറ്റൽ പരിശോധനയിൽ ഇതു കളവാണെന്ന് കണ്ടെത്തിയിരുന്നു. രേഖാമൂലമുള്ള ഈ വിവരണവും ദൃശ്യങ്ങളും ഒത്തുനോക്കി പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
കോടതിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന തരത്തിൽ പ്രതികൾ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ കോടതിയിൽ കേൾപ്പിച്ച പ്രോസിക്യൂഷൻ, കോടതി സ്വാധീനിക്കപ്പെട്ടെന്ന് വിശ്വസിക്കുന്നില്ലെന്നും വ്യക്തമാക്കി.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രോസിക്യൂഷൻ വാദം ഇന്നലെ പൂർത്തിയായി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് വിചാരണക്കോടതി പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെ വാദം ജൂൺ രണ്ടിന് കേൾക്കും. കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നൽകിയ സമയം മേയ് 30 നു പൂർത്തിയായെങ്കിലും അന്വേഷണ സംഘം റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടില്ല. തുടരന്വേഷണത്തിന് മൂന്നു മാസം കൂടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ വിവരം ഇന്നലെ വിചാരണക്കോടതിയിൽ അറിയിച്ചു. ഈ വിഷയവും ജൂൺ രണ്ടിലേക്ക് മാറ്റി.