df

കൊച്ചി: ആര്‌ ജയിക്കുമെന്നും എവിടെ വോട്ട്‌ കുത്തണമെന്നും 108 -ാം വയസിലും ആസിയ ഉമ്മയ്ക്കറിയാം. ഒരു തിരഞ്ഞെടുപ്പിലും വോട്ട്‌ പാഴാക്കിയിട്ടില്ല. ഇക്കുറിയും പതിവുതെറ്റിക്കാതെ വോട്ട്‌ ചെയ്യാൻ മണ്ഡലത്തിലെ മുതിർന്ന വോട്ടറായി ഉമ്മയെത്തി. രാവിലെ മൈത്രിപുരം ചാത്തൻവേലിപ്പാടം അങ്കണവാടിയിലെ 121-ാംനമ്പർ ബൂത്തിൽ മകനും കൊച്ചുമക്കളുമടക്കം മൂന്ന്‌ തലമുറയ്ക്കൊപ്പമാണ്‌ വോട്ടുചെയ്യാനെത്തിയത്‌. അടുത്തതവണയും വോട്ട്‌ ചെയ്യാനെത്തുമെന്ന് നിറഞ്ഞ ചിരിയോടെ ആസിയ ഉമ്മ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊവിഡുമൂലം തപാൽവോട്ടാണ് ചെയ്തത്. ഇക്കുറി നേരിട്ട് ബൂത്തിലെത്തി വോട്ടിംഗ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തണമെന്ന ആഗ്രഹവും ഉമ്മ സാധിച്ചു. അതിലെ സന്തോഷവും ഈ നൂറ്റെട്ടുകാരി മറച്ചുവച്ചില്ല. മണ്ഡലത്തിലെ പ്രായമേറിയ വോട്ടർമാരിൽ ഭൂരിഭാഗംപേരും ഇത്തവണ വോട്ടുചെയ്യാനെത്തിയതായാണ്‌ വിവരം. നൂറു വയസു തികയാൻ 22 ദിവസം മാത്രമുള്ള ചെമ്പുമുക്ക്‌ പ്രതീക്ഷാഭവനിലെ സിസ്റ്റർ പ്രിസ്ക കല്ലൂർ അയ്യനാട്‌ എൽ.പി സ്കൂളിലെ 132-ാംനമ്പർ ബൂത്തിൽ വോട്ടു ചെയ്തു.