ഫോർട്ടുകൊച്ചി: ചെറിയ ന്യൂനതകൾ പെരുപ്പിച്ച് കാണിച്ച് ഫോർട്ടുകൊച്ചി സർക്കാർ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ തടസപെടുത്താൻ ആസൂത്രിത നീക്കം നടക്കുന്നതായി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ അഷറഫ്. നല്ല കാര്യങ്ങൾ ചർച്ച ചെയ്യാതെ ന്യൂനതകൾ മാത്രം എടുത്ത് കാണിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഫോർട്ടുകൊച്ചി സർക്കാർ ആശുപത്രിയിൽ പ്രസവശുശ്രൂഷ വിഭാഗത്തിന്റെ പ്രവർത്തനവുമായി ബന്ധപെട്ട് കഴിഞ്ഞദിവസം വനിതാ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഡിവിഷൻ കൗൺസിലറുമായ ടി.കെ അഷറഫിന്റെ പരാമർശം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനിൽക്കുന്നത് കൊണ്ടാണ് അനസ്തേഷ്യ ഡോക്ടറെ നിയമിക്കാൻ വൈകിയത്‌. ഈ ആഴ്ച തന്നെ ഡോക്ടറുടെ നിയമനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശുപത്രിയിൽ പരമാവധി സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാവരുടേയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.