si-kabeer
സർവീസിൽ നിന്ന് വിരമിച്ച ആലുവ കൺട്രോൾ റൂം എസ്.എച്ച്.ഒ കെ.ടി.എം. കബീർ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിനൊപ്പം.

ആലുവ: നഗരത്തിലെ ഗതാഗതപരിഷ്കാരം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ജനപക്ഷത്തുനിന്ന് പ്രവർത്തിച്ച ആലുവ കൺട്രോൾ റൂം എസ്.ഐ കെ.ടി. മുഹമ്മദ് കബീർ സർവീസിൽനിന്ന് വിരമിച്ചു. ആലുവ മേഖലയിൽ വാഹനാപകടമുണ്ടാക്കുന്നവർ രക്ഷപെടാതിരിക്കാൻ കാവലിരുന്ന എസ്.ഐ എന്ന അംഗീകാരത്തോടെയാണ് പടിയിറക്കം.

ആലുവ ട്രാഫിക് എസ്.ഐ ആയിരിക്കെ നിരവധി കേസുകളിൽ പ്രതികളെ കുടുക്കി ശ്രദ്ധനേടിയിരുന്നു. 34 വർഷത്തെ സർവീസിന് ശേഷമാണ് പടിയിറങ്ങുന്നത്. കൊച്ചി സിറ്റി, എറണാകുളം റൂറൽ, കോട്ടയം, ഇടുക്കി പൊലീസ് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജോലി ചെയ്തിടങ്ങളിലെല്ലാം മികവ് തെളിയിച്ചിട്ടുള്ള കബീറിന്റെ സർവീസ് ജീവിതത്തിൽ കളങ്കങ്ങൾ ഇല്ലായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ എഴുതിത്തള്ളിയ കേസുകളിൽവരെ കഠിന പ്രയത്‌നത്തിലൂടെ അദ്ദേഹം തുമ്പുണ്ടാക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.

2017ൽ ദേശീയപാതയിൽ ടാങ്കർ ലോറി ഇടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനം 24 മണിക്കൂറിനുള്ളിൽ പിടികൂടാനായത് അദ്ദേഹത്തിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെയായിരുന്നു. അപകടത്തെത്തുടർന്ന് നിർത്താതെ പോയ ലോറിയെക്കുറിച്ച് ആർക്കും കാര്യമായ വിവരമുണ്ടായിരുന്നില്ല. എസ്.ഐ കബീറാണ് സി.സി ടിവി കാമറ ടെക്‌നീഷ്യന്റെ സഹായത്തോടെ യഥാർത്ഥ വാഹനം കണ്ടെത്തിയത്. 2017 ഏപ്രിൽ 18ന് അമ്പാട്ട്കാവിൽ ജാർഖണ്ട് സ്വദേശി അജ്ഞാതവാഹനമിടിച്ച് മരിച്ച കേസിൽ വാഹനം തമിഴ്‌നാട്ടിൽനിന്ന് മാസങ്ങൾക്കുശേഷം കണ്ടെത്തിയതും ഇദ്ദേഹത്തിന്റെ അന്വേഷണമികവിലാണ്. നിരവധി കേസുകളിൽ പ്രതികളെ പിടികൂടുന്നതിന് നേതൃത്വം നൽകി.

 അസോസിയേഷന്റെ യാത്രഅയപ്പിൽനിന്ന് വിട്ടുനിന്നു

മികവ് തെളിയിച്ചിട്ടും അർഹമായ അംഗീകാരം ലഭിക്കാതെയാണ് എസ്.ഐ കബീർ വിരമിക്കുന്നത്. സീനിയറായ എസ്.ഐയായിരുന്നിട്ടും സി.ഐ റാങ്ക് ലഭിച്ചില്ല. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റായിരുന്നിട്ടും താൻ ഉൾപ്പെടെയുള്ളവരുടെ പരാതികൾ നിലവിലുള്ള നേതൃത്വം പരിഹരിച്ചില്ലെന്ന പരിഭവം അദ്ദേഹത്തിനുണ്ട്. അതിനാൽ അസോസിയേഷൻ കഴിഞ്ഞദിവസം സംഘടിപ്പിച്ച യാത്രഅയപ്പ് സമ്മേളനത്തിൽനിന്ന് കബീർ വിട്ടുനിന്നിരുന്നു. എന്നാൽ അന്നേദിവസം തന്നെ ജോലിചെയ്യുന്ന സ്റ്റേഷനിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിനെ പങ്കെടുപ്പിച്ച് യാത്രഅയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. ഇന്നലെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ആലുവ പൊലീസ് സഹകരണബാങ്ക് ഹാളിലും ചടങ്ങ് നടത്തി.