gold

 കേരളത്തിൽ ₹2,​250 കോടിയുടെ വില്പന.

കൊച്ചി: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ആഭ്യന്തര സ്വർണാഭരണ വിപണിക്ക് മികച്ച ഉണർവ് സമ്മാനിച്ച് അക്ഷയതൃതീയ വില്പന. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ)​ റിപ്പോർട്ട് പ്രകാരം ഇക്കുറി അക്ഷയതൃതീയയ്ക്ക് കേരളത്തിൽ 2,​250 കോടി രൂപയുടെ സ്വർണാഭരണ വില്പന നടന്നു.

സ്വർണത്തിന് പുറമേ ഡയമണ്ട് ഉൾപ്പെടെയുള്ള മറ്റ് ആഭരണശ്രേണികൾക്കും വൻ ഡിമാൻഡുണ്ടായതായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സും വ്യക്തമാക്കി. കേരളത്തിലെ 12,​000ഓളം വരുന്ന സ്വർണാഭരണ വില്പനശാലകളിലേക്ക് അക്ഷയതൃതീയ ദിനമായ മേയ് മൂന്നിന് പതിനായിരത്തിലേറെ ഉപഭോക്താക്കളെത്തിയെന്നാണ് കണക്ക്.

രാവിലെ 6.10 മുതലായിരുന്നു ഇത്തവണ അക്ഷയതൃതീയ മുഹൂർത്തം. അതിരാവിലെ തന്നെ തുറന്ന കടകളിൽ രാത്രിവൈകുവോളം തിരക്കനുഭവപ്പെട്ടു. ഒട്ടുമിക്ക ജുവലറികളും മികച്ച ഓഫറുകൾ പ്രഖ്യാപിച്ചതും ഉപഭോക്താക്കളെ ആകർഷിച്ചു.

ആശ്വാസത്തിളക്കം

2019ലെ അക്ഷയതൃതീയയ്ക്ക് 650 കോടി രൂപയുടെ കച്ചവടം നടന്നിരുന്നു. 2020ൽ 1,​000 കോടി പ്രതീക്ഷിച്ചിരിക്കേയാണ് കൊവിഡ് ആഞ്ഞടിച്ചത്. ലോക്ക്‌ഡൗണിൽ കടകൾ പൂട്ടിയതോടെ ആ വർഷം അക്ഷയതൃതീയ പൊലിഞ്ഞു.

2021ലും ലോക്ക്‌ഡൗൺ. പക്ഷേ,​ ഓൺലൈനിൽ 100 കോടി രൂപയുടെ കച്ചവടമുണ്ടായി. ഇക്കുറി പ്രതിസന്ധികൾ മാറുകയും കടകൾ തുറക്കുകയും ചെയ്‌തത് നേട്ടമായി.

15,​000 കോടി

ദേശീയതലത്തിൽ ഇക്കുറി അക്ഷയതൃതീയയ്ക്ക് സ്വർണാഭരണ വില്പന 15,000 കോടി കടന്നുവെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി)​ പറഞ്ഞു. സ്വർണം,​ വെള്ളി,​ വജ്രാഭരണങ്ങൾക്കും മികച്ച വില്പനയുണ്ടായി.

 2019ൽ വില്പന 10,​000 കോടി രൂപയുടേതായിരുന്നു.

 2020ൽ 500 കോടി രൂപയിലൊതുങ്ങി.

 2021ൽ ലോക്ക്‌ഡൗൺ മൂലം കാര്യമായ വില്പനയുണ്ടായില്ല.

28 ടൺ

ഇക്കുറി ദേശീയതലത്തിൽ 28 ടണ്ണോളം സ്വർണം വിറ്റഴിഞ്ഞു; കൊവിഡിന് മുമ്പ് 2019ൽ 22 ടണ്ണായിരുന്നു.

''എല്ലാ സ്വർണ വ്യാപാര സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഉപഭോക്താക്കൾക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാച്ചിപിച്ചതും വില കുറഞ്ഞതും നേട്ടമായി""

അഡ്വ.എസ്.അബ്ദുൽ നാസർ,​

ട്രഷറർ,​ എ.കെ.ജി.എസ്.എം.എ