
ന്യൂയോർക്ക്: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബുധനാഴ്ച ചേർന്ന യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് 0.50 ശതമാനം കുത്തനെ കൂട്ടി 0.75-1.00 ശതമാനമാക്കി. പലിശ വർദ്ധന സാധാരണ 0.25 ശതമാനത്തിൽ ഒതുക്കിനിറുത്തുന്ന ഫെഡറൽ റിസർവ് 2,000ന് ശേഷം ആദ്യമായാണ് 0.50 ശതമാനം വർദ്ധിപ്പിച്ചത്.
കഴിഞ്ഞമാസം നാണയപ്പെരുപ്പം 40 വർഷത്തെ ഉയരമായ 6.6 ശതമാനത്തിലെത്തിയ പശ്ചാത്തലത്തിലാണ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടിയത്.
9 ലക്ഷം കോടി ഡോളർ മൂല്യമുള്ള ബാലൻസ് ഷീറ്റ് വെട്ടിക്കുറയ്ക്കാനും ഫെഡറൽ റിസർവ് തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഇതിൽ മുന്തിയപങ്കും ട്രഷറി, ഈട് (മോർഗേജ്) ബോണ്ടുകളാണ്; ഇവയാണ് കുറയ്ക്കുക.