g

കൊച്ചി: പെട്രോൾ-ഡീസൽ വിലവർദ്ധന,​ വായ്പകൾക്ക് ഉയർന്ന ഇ.എം.ഐ ബാദ്ധ്യത തുടങ്ങിയ അമിതഭാരങ്ങൾക്കിടെ സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്റിന്റെ നടുവൊടിച്ചുകൊണ്ട് വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ (14.2 കിലോഗ്രാം)​ വില 1000 രൂപ കടന്നു. നികുതിയും വിതരണക്കാരന്റെ കൂലിയും ചേർത്താൽ ഉപഭോക്താവ് 1100 രൂപയോളം നൽകണം.പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്നലെ വർദ്ധിപ്പിച്ചത് 50 രൂപ.

കഴിഞ്ഞ ഒക്‌ടോബർ ആറിന് 15 രൂപ വർദ്ധിപ്പിച്ചശേഷം ഉത്തർപ്രദേശും പഞ്ചാബുമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിലകൂട്ടുന്നത് നിറുത്തിവച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മാർച്ച് 22ന് 50 രൂപ വർദ്ധിപ്പിച്ചിരുന്നു.

പുതിയ വില

തിരുവനന്തപുരം : 1,​009 രൂപ

കൊച്ചി: 1,​006.5

കോഴിക്കോട്: 1,​008.5

(5 ശതമാനം ജി.എസ്.ടിയും വിതരണക്കൂലിയും പുറമെ)​

405

കൊവിഡ് കാലത്ത് 2020 ജൂലായ് മുതൽ ഡിസംബ‌ർ ഒന്നുവരെ ഗാർഹിക സിലിണ്ടർ വില 601 രൂപയായിരുന്നു. 2020 ഡിസംബർ 15ന് 100 രൂപ വർദ്ധിപ്പിച്ചു. ഇപ്പോൾ വില 1,006.5 രൂപ (കൊച്ചി). ഇക്കാലയളവിൽ ആകെ വർദ്ധിച്ചത് 405.5 രൂപ.

ഗ്യാസായ സബ്സിഡി

2020 മാർച്ചിൽ വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 804 രൂപയായിരുന്നു. ആ മാസം സബ്സിഡിയായി 231 രൂപ ലഭിച്ചു. അതായത്, ഉപഭോക്താവിന് ചെലവായത് 573 രൂപ. മേയിൽ വിപണിവില 589 രൂപയായി താഴ്‌ന്നു. അതോടെ കേന്ദ്രം സബ്സിഡി നിറുത്തി. അതിനുശേഷം വില പലവട്ടം കൂടിയിട്ടും സബ്സിഡി പുനഃസ്ഥാപിച്ചില്ല.

₹1,​000

 ഇതിനു മുമ്പ് 2014 മാർച്ചിലാണ് വീട്ടാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില ആയിരം രൂപ കടന്നത്.

1,​080.5- 1,​118 നിലവാരത്തിലായിരുന്നു അന്ന് വില.

₹2,​500ലേക്ക് വാണിജ്യ

സിലിണ്ടർ

ഹോട്ടൽ ഭക്ഷണവില പൊള്ളാൻ വഴിയൊരുക്കി വാണിജ്യ സിലിണ്ടർവിലയും (19 കിലോഗ്രാം)​ കുതിക്കുന്നു. കഴിഞ്ഞവാരം 103 രൂപ വർദ്ധിച്ചതോടെ തിരുവനന്തപുരത്ത് വില 2,​368.5 രൂപയായി. കൊച്ചിയിൽ 2,​349.5 രൂപ; കോഴിക്കോട്ട് 2,378.5 രൂപ. താമസിയാതെ വില 2,​500 രൂപ കടക്കും.

യുദ്ധം വരുത്തിയ വിന

റഷ്യ-യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ ക്രൂഡോയിൽ വില കത്തിക്കയറുകയും വിതരണശൃംഖലയിൽ തടസ്സങ്ങളുണ്ടാവുകയും ചെയ്‌തതാണ് എൽ.പി.ജി വില വർദ്ധിക്കാൻ മുഖ്യ കാരണം. ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽവില കഴിഞ്ഞ ഡിസംബറിൽ ബാരലിന് 71 ഡോളറായിരുന്നത് ഇപ്പോൾ 108 ഡോളറാണ്.

വിലക്കയറ്റം

(വീട്ടാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില വർദ്ധന - കൊച്ചി)

2020 ഡിസംബർ 15 ₹701 (+₹100)

ഫെബ്രുവരി 4 ₹726 (+25)

ഫെബ്രുവരി 15 ₹776 (+₹50)

ഫെബ്രുവരി 25 ₹801 (+₹25)

മാർച്ച് 1 ₹826 (+₹25)

ജൂലായ് 1 ₹841.50 (+₹25.50)

ആഗസ്‌റ്റ് 17 ₹866.50 (+₹25)

സെപ്തംബർ 1 ₹891.50 (+₹25)

മാർച്ച് 22 ₹956.5 (+₹50)

മേയ് 07 ₹1,006.5 (+₹50)