avinyaa-

കൊച്ചി: ഇലക്‌ട്രിക് വാഹനരംഗത്ത് വിസ്‌മയം സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ സ്വന്തം വാഹന ബ്രാൻഡായ ടാറ്റാ മോട്ടോഴ്‌സ് 'അവിന്യാ" എന്ന ഇലക്‌ട്രിക് എസ്.യു.വി കോൺസെപ്‌റ്റ് പരിചയപ്പെടുത്തി.
ഇന്നൊവോഷൻ അഥവാ പുതിയ കണ്ടുപിടിത്തം എന്നാണ് അവിന്യാ എന്ന സംസ്കൃത വാക്കിന്റെ അർത്ഥം. ടാറ്റയുടെ ആദ്യ പ്യുവർ ഇലക്‌ട്രിക് മോഡലായ അവിന്യാ 2025ഓടെ വിപണിയിലെത്തും. തേർഡ് ജനറേഷൻ ആർക്കിടെക്‌ചറിൽ ഒരുക്കുന്ന അവിന്യായിൽ ടാറ്റയുടെ പുത്തൻ ലോഗോയും കാണാം. നിലവിലെ ലോഗോ പരിഷ്‌കരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉപഭോക്താക്കൾ ഉന്നയിക്കുന്നുണ്ട്.
ടാറ്റയുടെ കർവ് ഇ-എസ്.യു.വി 2024ൽ വിപണിയിലെത്തുന്നുണ്ട്; ഇതിനുപിന്നാലെയാണ് അവിന്യാ എത്തുക. ഇലക്‌ട്രിക് ശ്രേണിയിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുക മാത്രമല്ല,​ ഈ രംഗത്ത് വിപ്ളവം തന്നെ ലക്ഷ്യമിട്ടാണ് കർവും അവിന്യായും എത്തുകയെന്ന് ടാറ്റാ സൺസ്,​ ടാറ്റാ മോട്ടോഴ്‌സ് എന്നിവയുടെ ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു.
അതിവേഗ ചാർജിംഗ് സംവിധാനം അവിന്യായുടെ മികവായിരിക്കും. 30 മിനിട്ടിൽ ഫുൾ ചാർജ് ചെയ്യാം. ഒറ്റത്തവണ ഫുൾചാർജ് ചെയ്‌താൽ 500 കിലോമീറ്റർ വരെ ഓടും. പ്രീമിയം ഹാച്ച്ബാക്ക്,​ ലക്ഷ്വറി എസ്.യു.വി.,​ എം.പി.വി എന്നിവയുടെ സൗകര്യങ്ങളും മികവുകളും സംഗമിക്കുന്നതും ഉപഭോക്തൃസൗഹൃദവുമായ മോഡലായിരിക്കും അവിന്യായെന്നും ടാറ്റ വ്യക്തമാക്കുന്നു.
ഒരുവശത്തുനിന്ന് മറ്റേ അറ്റംവരെ നീളുന്നതും 'ടി" അക്ഷരമാതൃകയിലുള്ളതുമായ നേർത്ത എൽ.ഇ.ഡി സ്ട്രിപ്പ് പിൻഭാഗത്തെ ആകർഷണമാണ്. ഇത് ടെയ്‌ൽ ലൈറ്റായും പ്രവർത്തിക്കുന്നു. ഹെഡ്‌ലൈറ്റിലും ഇതേമാതൃകയാണുള്ളത്. ഈ പവർ-പാക്ക്ഡ് വാഹനത്തിന്റെ നീളം 4.3 മീറ്ററാണ്. റിയർവ്യൂ മിററുകൾക്ക് പകരം കാമറ ഇടംപിടിച്ചിരിക്കുന്നു.
വിശാലമായ ഫ്യൂച്ചറിസ്‌റ്റിക് ഇന്റീരിയർ നവീന ഫീച്ചറുകളാൽ സമ്പന്നമാണ്. നെക്‌റ്റ്‌ജെൻ മെറ്റീരിയലുകൾ,​ മികച്ച ഇലക്‌ട്രോണിക് പാർട്‌സുകൾ,​ എനർജി മാനേജ്‌മെന്റ് എന്നിവയിൽ അധിഷ്‌ഠിതമായ ആർക്കിടെക്‌ചറിലാണ് അവിന്യായുടെ രൂപകല്‌പന.