tomato

കൊച്ചി: ഇന്ധനം, പാചകവാതകം, നിത്യോപയോഗ വസ്തുക്കൾ തുടങ്ങിയവയുടെ വിലക്കയറ്റവും വായ്‌പകളുടെ ഇ.എം.ഐ ബാദ്ധ്യത വർദ്ധനയും കുടുംബ ബഡ്‌ജറ്റിന്റെ താളംതെറ്റിക്കുന്നതിനിടെ അടുക്കളയിലെ സ്ഥിരം സാന്നിദ്ധ്യമായ തക്കാളിവിലയും കത്തിക്കയറുന്നു.

കിലോയ്ക്ക് 45 മുതൽ 60 രൂപവരെയാണ് ദേശീയതലത്തിൽ ഒട്ടുമിക്ക നഗരങ്ങളിലും ഇപ്പോൾ വില. റീട്ടെയിൽ വിലയാകട്ടെ 70-75 രൂപനിരക്കിലാണ്. വൻ ഡിമാൻഡുണ്ടെങ്കിലും ഉത്‌പാദനം കുത്തനെ ഇടിഞ്ഞതാണ് പ്രധാന തിരിച്ചടി. പ്രതിസന്ധി നീളുമെന്നതിനാൽ വില വരുംദിവസങ്ങളിലും കുതിക്കും.

അടുക്കള, ഹോട്ടലുകൾ എന്നിവയ്ക്കുപുറമേ ഉത്തരേന്ത്യയിലും മറ്റും ഇത് വിവാഹ, ഉത്സവകാല സീസണുമാണ്. പതിവിൽക്കവിഞ്ഞ ഡിമാൻഡുണ്ടാകാനുള്ള കാരണവും ഇതാണ്. അത്യുഷ്‌ണമാണ് ഉത്‌പാദനക്കുറവിന് മുഖ്യകാരണം. വിതരണശൃംഖലയിലും ചൂട് തിരിച്ചടിയാവുന്നു. പ്രധാന ഉത്പാദന-വിതരണകേന്ദ്രമായ മഹാരാഷ്‌ട്രയിലെ നാസിക്കിൽ നിന്ന് നഗരങ്ങളിലേക്ക് ശരാശരി 20 ട്രക്കുകൾ ദിവസേന പോയിരുന്നത് ഇപ്പോൾ അഞ്ചായി കുറഞ്ഞിട്ടുണ്ട്.

ബീൻസും കോളിഫ്ളവറും

ബീൻസിന് 45-50 രൂപയാണ് ഇപ്പോൾ മൊത്തവില. ചില്ലറവില മിനിമം 70 രൂപ. കോളിഫ്ളവറിന് മൊത്തവില 25-30 രൂപയായി വർദ്ധിച്ചു; മൂന്നാഴ്‌ച മുമ്പ് വില 10-12 രൂപ മാത്രമായിരുന്നു.