
കൊച്ചി: റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻ.ബി.എഫ്.സി) സംസ്ഥാന സർക്കാരുടെ നിയമം ബാധകമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. 1958ലെ കേരള മണി ലെൻഡേഴ്‌സ് ആക്‌ട്, 2011ലെ ഗുജറാത്ത് മണി ലെൻഡേഴ്‌സ് ആക്‌ട് എന്നിവ എൻ.ബി.എഫ്.സികൾക്ക് ബാധകമല്ലെന്നാണ് ജസ്‌റ്റിസുമാരായ ഹേമന്ത് ഗുപ്‌ത, വി. രാമസുബ്രഹ്‌മണ്യൻ എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചത്.
1958ലെ കേരള മണി ലെൻഡേഴ്‌സ് ആക്‌ട് എൻ.ബി.എഫ്.സികൾക്ക് ബാധകമാണെന്ന കേരള ഹൈക്കോടതി വിധി റദ്ദാക്കിയതിനൊപ്പം ഗുജറാത്ത് ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.
കേരളത്തിലെയും ഗുജറാത്തിലെയും ഏതാനും എൻ.ബി.എഫ്.സികൾ സമർപ്പിച്ച അപ്പീലാണ് പരിഗണിച്ചത്.
1958ലെ കേരള മണി ലെൻഡേഴ്‌സ് ആക്‌ടിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എൻ.ബി.എഫ്.സികൾ സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയിലെത്തിയത്.
പാർലമെന്റ് പാസാക്കിയ നിയമം മറികടക്കാൻ സംസ്ഥാന നിയമത്തിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്‌ട് മൂന്നാം അദ്ധ്യായപ്രകാരം എൻ.ബി.എഫ്.സികളുടെ പൂർണ്ണനിയന്ത്രണം റിസർവ് ബാങ്കിനാണെന്നും ഇരട്ട നിയന്ത്രണം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.
പലിശ നിയന്ത്രണം
റിസർവ് ബാങ്കിന്
എൻ.ബി.എഫ്.സികളുടെ പലിശനിരക്ക് റിസർവ് ബാങ്ക് നിയന്ത്രിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 1958ലെ കേരള മണി ലെൻഡേഴ്‌സ് ആക്‌ടിനുവേണ്ടി കേരളം വാദിച്ചത്. എന്നാൽ, എൻ.ബി.എഫ്.സികൾക്കുമേൽ സംസ്ഥാന നിയമം ബാധകമാക്കാൻ ഇത് മതിയായ കാരണമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.