കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വൻ വിലക്കയറ്റവും വായ്പകളുടെ ഇ.എം.ഐ വർദ്ധനയും മൂലം നട്ടംതിരിയുന്ന ജനങ്ങൾക്കുമേൽ അമിതഭാരം ചുമത്തിക്കൊണ്ട് പാചകവാതക സിലിണ്ടർവില വീണ്ടും കൂട്ടി. കേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടെയാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ ഈ കടുംകൈ ചെയ്യുന്നത്. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് ഇന്നലെ 3 മുതൽ 3.5 രൂപവരെയാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് വില 1,012 രൂപയായി. കൊച്ചിയിൽ 1,010 രൂപ; കോഴിക്കോട്ട് 1,011.5 രൂപ. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 8- 8.5 രൂപയും കൂട്ടി. തിരുവനന്തപുരത്ത് വില 2,376.5 രൂപ. കോഴിക്കോട്ട് 2,387 രൂപ. കൊച്ചിയിൽ 2,357.5 രൂപ.
നികുതിയും വിതരണക്കാരന്റെ കൂലിയും ചേർത്താൽ ഗാർഹിക, വാണിജ്യ സിലിണ്ടർവില ഇനിയും കൂടും. ഗാർഹിക സിലിണ്ടറിന് 5 ശതമാനവും വാണിജ്യ സിലിണ്ടറിന് 18 ശതമാനവുമാണ് ജി.എസ്.ടി. ഈമാസം ഏഴിന് വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വില 50 രൂപ വർദ്ധിപ്പിച്ചിരുന്നു.
ഹോട്ടൽ ഭക്ഷണവില കൂടും
''പച്ചക്കറി, കോഴി, എണ്ണവില വർദ്ധനയ്ക്കു പുറമേയാണ് ഗ്യാസ് വിലയും അടിക്കടി കൂടുന്നത്. ഭക്ഷണവില ആനുപാതികമായി കൂട്ടാതെ ഇത്രകാലം പിടിച്ചുനിന്നു. വൈകാതെ ഭക്ഷണവില കൂട്ടും""
-ജി. ജയപാൽ, പ്രസിഡന്റ്,
കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ