tucson

കൊച്ചി: ഇന്ത്യയില ഏറ്റവും വേഗം വളരുന്ന സ്പോർട്സ് യൂട്ടിലിറ്റി (എസ്.യു.വി)​ വാഹനശ്രേണിയിൽ സാന്നിദ്ധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായ് പരിചയപ്പെടുത്തുന്ന പുത്തൻ ടക്‌സൺ ഈ വർഷം രണ്ടാം പകുതിയോടെ വിപണിയിലെത്തും.
2020ലും 21ലും ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയേറിയ എസ്.യു.വി ബ്രാൻഡെന്ന പട്ടം ചൂടിയ ഹ്യുണ്ടായി,​ ടക്‌സന്റെ നാലാം തലമുറ പതിപ്പാണ് വിപണി പ്രവേശനത്തിന് സജ്ജമാക്കുന്നത്.
2004ലാണ് ടക്‌സന്റെ ആദ്യപതിപ്പ് ആഗോളവിപണിയിൽ ഹ്യുണ്ടായ് പുറത്തിറക്കിയത്. തുടർന്ന് ഇതിനകം 70 ലക്ഷം ഉപഭോക്താക്കളെ ടക‌്‌സൺ സ്വന്തമാക്കി. ഇന്ത്യയിൽ പ്രീമിയം എസ്.യു.വി രംഗത്ത് ടക്‌സൺ വൻ തരംഗമാകുമെന്നാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ. രൂപകല്പനയിലും പെർഫോമൻസിലും ഫീച്ചറുകളിലും മികവുറ്റ മോഡലായിരിക്കും ടക്‌സനെന്നും ഹ്യുണ്ടായ് അവകാശപ്പെടുന്നു.
വിപണിയിൽ ആദ്യം എന്ന പെരുമയോടെ ഒട്ടേറെ പുത്തൻ ഫീച്ചറുകൾ ടക്‌സനിൽ പ്രതീക്ഷിക്കാമെന്ന് ഹ്യുണ്ടായ് പറയുന്നു.