ആര്യനാട്: എക്‌സൈസ് ഉദ്യോഗസ്ഥരെ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ചു. സംഭവത്തിൽ എക്‌സൈസ് സർക്കിൾ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ സ്വരൂപ്, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ ഷജീർ,നുജുമുദ്ധീൻ,അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. സ്വരൂപ്,നുജുമുദീൻ,ഷബീർ എന്നിവരുടെ തലയ്ക്കാണ് പരിക്ക്. നിരവധി കേസിലെ പ്രതിയായ സുഭീഷിനെ സംഘം സാഹസികമായി കസ്റ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്നാണ് സുഭീഷിനെ കുളപ്പട കൃഷിഭവന് മുന്നിൽ വച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ഉദ്യോഗസ്ഥരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ആര്യനാട് പൊലീസ് കേസെടുത്തു.