
കൊച്ചി: ഇലക്‌ട്രിക് കാർ ശ്രേണിയിൽ ആഗോളതലത്തിൽ തന്നെ പ്രകമ്പനം കൊള്ളിക്കുകയെന്ന ലക്ഷ്യത്തോടെ ദക്ഷിണ കൊറിയൻ കമ്പനി കിയ ഒരുക്കിയ പുത്തൻ മോഡലായ ഇ.വി6ന്റെ ബുക്കിംഗിന് ഇന്ത്യയിൽ തുടക്കമായി.
ഇലക്‌ട്രിക് കാറുകളിൽ ആഗോളതലത്തിൽ തന്നെ വൻ സ്വീകാര്യതയുള്ള ടെസ്‌ലയുടെ മോഡലുകൾക്ക് പോലും കിയ ഇ.വി6 കനത്ത വെല്ലുവിളിയാകുമെന്നാണ് നിരീക്ഷരുടെ വാദം. ഈവർഷം 100 യൂണിറ്റുകൾക്കുള്ള ബുക്കിംഗ് മാത്രമാണ് കിയ സ്വീകരിക്കുന്നത്. അതിവേഗ ചാർജിംഗ്, സ്പോർട്ടി പെർഫോമൻസ്, 528 കിലോമീറ്റർ റേഞ്ച് എന്നിവ ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്‌റ്റൻസ് സിസ്‌റ്റം (എ.ഡി.എ.എസ്) കിയ ഇ.വി6ന്റെ സവിശേഷതയാണ്.
കഴിഞ്ഞ മാർച്ചിൽ ആഗോളതലത്തിൽ അവതരിപ്പിച്ച ഈ ഹൈ എൻഡ് പ്രീമിയം ഓൾ ഇലക്‌ട്രിക് ക്രോസ് ഓവറിന്റെ നിർമ്മാണം ഇലക്‌ട്രിക് ശ്രേണിക്കായി കിയ വികസിപ്പിച്ച ഇ.വി പ്ളാറ്റ്‌ഫോമായ ഇ-ജി.എം.പിയിലാണ്. കിയയുടെ ഏറ്റവും ഹൈടെക്കായ മോഡലെന്ന പെരുമയോടെയാണ് ഇ.വി6 വിപണിയിലെത്തുന്നത്.