ചെറുതോണി: ഏലം കർഷകരെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കാൻ അടിയന്തരമായ ഇടപെടൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാവശ്യപ്പെട്ട് കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ അറിയിച്ചു. ഏലത്തിന് താങ്ങുവില പ്രഖ്യാപിക്കുക, വളം സബ്‌സിഡി പുനഃസ്ഥാപിക്കുക, കൃഷി ഭൂമിയെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരത്തിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി നിർവ്വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ 50 യൂത്ത്ഫ്രണ്ട് പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്ക് പോകുന്നത്. വകുപ്പ്മന്ത്രിയെ സന്ദർശിച്ച് നിവേദനവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആലുവയിൽ നിന്ന് ട്രെയിൻ മാർഗം ഡൽഹിക്കുള്ള യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകരുടെ യാത്ര പാർട്ടി ജില്ലാപ്രസിഡന്റ് ജോസ് പാലത്തിനാൽ പാർട്ടി പതാക കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു.