തൊടുപുഴ: വന്യമൃഗങ്ങളെ സംരക്ഷിക്കാൻ വേണ്ടി കർഷകരെ തങ്ങളുടെ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അറിയിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കൃഷി നാശത്തിൽ നിന്നും ഇടുക്കി ജില്ലയിലെ കർഷകരെ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള സർക്കാർ കർഷകരുടെ ഭൂമിയിലേയ്ക്ക് വന്യമൃഗങ്ങൾ ഇറങ്ങി സ്വൈര വിഹാരം നടത്താൻ അനുവദിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. വന്യമൃഗങ്ങൾക്ക് കാട്ടിൽതന്നെ ഭക്ഷണമൊരുക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തുന്നതിനു പകരം വനത്തിനു പുറത്തിറങ്ങി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ് സർക്കാർ ചെയ്യുന്നത്.ജില്ലയിൽ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും ജനസംഖ്യ ഗണ്യമായി കുറയുകയും ചെയ്യുന്ന ഗുരുതരമായ സ്ഥിതി വിശേഷമാണുള്ളത്. ഈ വിഷയങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ ഒപ്പുശേഖരണ പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഔപചാരികമായ തുടക്കം കഞ്ഞിക്കുഴി പഞ്ചായത്തിൽ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. എല്ലാ പഞ്ചായത്തുകളിലും ഇതു വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.