കട്ടപ്പന: എസ്.എൻ.ഡി.പി യോഗം 'അറിവുത്സവം 2022 ' മലനാട് യൂണിയൻതല മത്സരങ്ങളിൽ പങ്കെടുത്തത് അറുന്നൂറോളം കലാ കായിക പ്രതിഭകൾ. 62 പോയിന്റ് നേടി ചക്കുപള്ളം ശാഖ ഒന്നാം സ്ഥാനം നേടി. പോത്തിൻകണ്ടം ശാഖ (52 പോയിന്റ്) രണ്ടാം സ്ഥാനവും ചേറ്റുകുഴി ശാഖ (47 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. മത്സരങ്ങളിൽ വിജയികളായവർ മേഖലാ തല മത്സരങ്ങളിൽ പങ്കെടുക്കും. സമുദായത്തിലെ കുട്ടികളുടെ കലാ- കായിക കഴിവുകൾ പ്രോത്സാഹിപ്പിച്ച് കൂടുതൽ മെച്ചപ്പെട്ട തലങ്ങളിലേയ്ക്ക് എത്തിക്കുകയാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ ലക്ഷ്യം. പോത്തിൻകണ്ടം എസ്.എൻ.യു.പി സ്കൂളിൽ നടന്ന അറിവുത്സവം യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത നിർവ്വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, വനിതാ സംഘം പ്രസിഡന്റ് സി.കെ. വത്സ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ.പി. ബിനീഷ്, സെക്രട്ടറി സുബീഷ് വിജയൻ, സ്കൂൾ മാനേജർ തുളസീധരൻ, യൂണിയൻ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ സംഘവും യൂത്ത്മൂവ്മെന്റ് യൂണിയൻ കമ്മിറ്റിയും സംയുക്തമായിട്ടാണ് കലാ- കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. യൂണിയന് കീഴിൽ വരുന്ന 38 ശാഖകളിൽ നിന്നാണ് കലാ- കായിക പ്രതിഭകൾ പോത്തിൻകണ്ടത്തേയ്ക്ക് എത്തിയത്.

ഒരു നാൾ കച്ചവടവുമായി യൂത്ത്മൂവ്മെന്റ്

അറിവുത്സവം നടന്ന എസ്.എൻ.യു.പി സ്കൂൾ അങ്കണത്തിൽ ക്യാൻസർ, ഡയാലിസിസ് രോഗികൾക്ക് വേണ്ടി 'ഒരു നാൾ കച്ചവടം ' നടത്തി പോത്തിൻകണ്ടം എസ്.എൻ. യൂത്ത്മൂവ്മെന്റ് യൂണിറ്റ് മാതൃകയായി. കരുണാപുരം പഞ്ചായത്തിലെ രണ്ട് രോഗികൾക്ക് കീമോതെറാപ്പിയും ഡയാലിസിസും നടത്താൻ സാമ്പത്തിക സഹായം നൽകുന്നതിനാണ് യൂത്ത്മൂവ്മെന്റ് അംഗങ്ങൾ ചേർന്ന് ഐസ്ക്രീം, ശീതളപാനിയങ്ങൾ, പലഹാരങ്ങൾ തുടങ്ങിയവ വിറ്റഴിച്ചത്. ഒരു നാൾ കച്ചവടത്തിലൂടെ ലഭിച്ച മുഴുവൻ പണവും രോഗികളുടെ ചികിത്സാ ചിലവിലേയ്ക്ക് കൈമാറും.