തൊടുപുഴ: പൊതുമരാമത്ത് മന്ത്രി സന്ദർശിച്ച് ഒരു വർഷമാകാറായിട്ടും ശാപമോക്ഷം കിട്ടാതെ മാരിയിൽക്കടവ് പാലം. അപ്രോച്ച് റോ‌ഡ് നിർമ്മിക്കാത്തതിനാലാണ് പാലം പണി കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിട്ടും ഗതാഗതത്തിന് തുറന്നുക്കൊടുക്കാനാകാത്തത്. രണ്ടാം എൽ.ഡി.എഫ് സർക്കാർ വന്നതിനു പിന്നാലെ പൊതുമരാമത്ത് മന്ത്രി പാലം സന്ദർശിച്ച് അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കുന്ന നടപടികൾ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിന് ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോഴും ഇത് അനന്തമായി നീളുകയാണ്. കാഞ്ഞിരമറ്റം ഭാഗത്തു നിന്ന് 300 മീറ്ററോളം ഭാഗത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുത്താൽ മാത്രമേ പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് പൂർത്തിയാക്കാനാകൂ. ഇപ്പോൾ പാലത്തിലൂടെ വരുന്ന കാൽനട യാത്രക്കാർ പാലത്തിന്റെ അരികിലൂടെ പോയി കാഞ്ഞിരമറ്റം കടവിൽ എത്തിയാണ് ക്ഷേത്രത്തിലേക്കും മറ്റും പോകുന്നത്. അതേ സമയം സ്ഥലം ഏറ്റെടുക്കുന്നതിനായി പരിസ്ഥിതി പഠനം, സാമൂഹിക ആഘാത പഠനം, വാല്യവേഷൻ, നോട്ടിഫിക്കേഷൻ തുടങ്ങി നടപടികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. സ്ഥലം നഷ്ടപ്പെടുന്നവർക്ക് ഇനി നഷ്ടപരിഹാര തുക കൈമാറി സ്ഥലം ഏറ്റെടുത്ത് റോഡ് നിർമാണം ആരംഭിക്കാനാകും. ഇതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.

പാലം കടക്കാനുള്ള കാത്തിരിപ്പ്

യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ആറരകോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പ് ഇവിടെ പാലം നിർമ്മിച്ചത്. നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് നിർമിച്ച പാലത്തിൽ നിന്ന് കാഞ്ഞിരമറ്റം റോഡിലേക്കും അവിടെ നിന്ന് കാരിക്കോട് ഭാഗത്തേക്കും ബൈപാസ് നിർമിക്കാനും ലക്ഷ്യമിട്ടിരുന്നു. തൊടുപുഴ ഭാഗത്തു നിന്ന് കാഞ്ഞിരമറ്റത്തേക്കുള്ള ദൂരം ഒരു കിലോമീറ്ററോളം കുറയ്ക്കുന്നതാണ് പാലം. ഇടുക്കി റോഡിൽ നിന്ന് വരുന്ന വാഹനയാത്രക്കാർക്ക് ഇതുവഴി കാഞ്ഞിരമറ്റം ക്ഷേത്രം, തെക്കുംഭാഗം, അഞ്ചിരി, ഇടവെട്ടി, ആലക്കോട് തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പം കടന്നു പോകാനും സാധിക്കും. പാലം വരുന്നത് കാഞ്ഞിരമറ്റം പ്രദേശത്തിന്റെ വികസനത്തിനും പ്രയോജനം ചെയ്യും.