തൊടുപുഴ: കൊവിഡ് പ്രതിസന്ധി വിട്ടകന്ന ശേഷമുള്ള ആദ്യ റംസാനും അക്ഷയതൃതീയയും ആഘോഷമാക്കാനുള്ള തിരക്കിലാണ് വിപണി. പെരുന്നാളിനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലായിരുന്നു ഇന്നലെ വിശ്വാസികൾ. പെരുന്നാൾ ദിനത്തിലുള്ള സാധനങ്ങളും പുതുവസ്ത്രങ്ങളും വാങ്ങാൻ കുടുംബസമേതം എത്തിയവരുടെ തിരക്ക് തൊടുപുഴ ഉൾപ്പെടെ ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം അനുഭവപ്പെട്ടു. പല വസ്ത്രവ്യാപാര ശാലകളിലും സൂപ്പർമാർക്കറ്റുകളിലും തിരക്ക് രാത്രി വരെ തുടർന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ വിവിധ സമ്മാന പദ്ധതികളും ഓഫറുകളുമൊക്കെ പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ചെരിപ്പ്, ഷൂസ് എന്നിവയുടെ വിൽപനയും ഉഷാറായി. പുത്തൻ മോഡൽ പാദരക്ഷകൾ ഇത്തവണ പെരുന്നാൾ വിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പുത്തൻതരത്തിലുള്ള മൈലാഞ്ചികളും വിപണിയിലെ മുഖ്യആകർഷണമായിരുന്നു. ഫാൻസി കടകളിൽ മൈലാഞ്ചി വാങ്ങാനെത്തിയവർ ഏറെയാണ്. ഊദ്, അത്തർ വിപണികളും ആളുകളെക്കൊണ്ടു നിറഞ്ഞു. മഴ മാറി നിന്നതും വിപണിക്ക് ഉണർവേകി. ആളുകൾ സ്വന്തം വാഹനങ്ങളിൽ കുടുംബസമേതം സാധനങ്ങൾ വാങ്ങാൻ എത്തിയതോടെ നിരത്തുകളിലും തിരക്ക് അനുഭവപ്പെട്ടു. കൊവിഡ് മഹാമാരിയുടെ തിരിച്ചടിയിൽ നഷ്ടപ്പെട്ട വിപണിയുടെ ആഘോഷനാളുകളിലെ സജീവത വീണ്ടെടുക്കാനായതിന്റെ ആഹ്ലാദത്തിലാണു വ്യാപാരികൾ.

സ്വർണവിപണിയിൽ ഉണർവ്

മൂന്നിനാണ് ഇക്കുറി അക്ഷയതൃതീയ. കൊവിഡും ലോക്ക്ഡൗണും മൂലം കഴിഞ്ഞ രണ്ടുവർഷവും കടകൾ അടച്ചിട്ടതിനാൽ അക്ഷയതൃതീയ വില്പന പൊലിഞ്ഞിരുന്നു. രാവിലെ 6.10ന് ആരംഭിക്കുന്ന അക്ഷയതൃതീയ മുഹൂർത്തം വൈകിട്ട് 6.09 വരെയുണ്ട്. സ്വർണം വാങ്ങാൻ ഏറ്റവും ഐശ്വര്യപൂർണമെന്ന് വിശ്വസിക്കപ്പെടുന്ന മുഹൂർത്തമാണിത്. കടകൾ തുറന്നതിനാലും വില ആകർഷകമായതിനാലും 2019ന് സമാനമായ വില്പന ഇക്കുറിയുണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. മിക്ക ജുവലറിക്കാരും ആകർഷക ഓഫറുകളുമായും രംഗത്തുണ്ട്. അക്ഷയതൃതീയയ്ക്ക് മുന്നോടിയായി സ്വർണവില കുറഞ്ഞത് ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്.