നെടുങ്കണ്ടം: അപകടാവസ്ഥയിലായ രാമക്കൽമേട്ടിലെ ആദ്യത്തെ കാറ്റാടിയന്ത്രം പൊളിച്ചുമാറ്റാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആമപ്പാറയ്ക്ക് സമീപം പരീക്ഷണാർത്ഥം 2002ൽ സ്ഥാപിച്ച കാറ്റാടിയന്ത്രമാണ് അപകടാവസ്ഥയിലുള്ളത്. പദ്ധതി പൂർത്തിയാക്കി 20 വർഷം പിന്നിട്ടിട്ടും ഒരു യൂണിറ്റ് വൈദ്യുതി പോലും ഉത്പാദിപ്പിക്കാൻ കാറ്റാടിക്കായില്ല. ഇപ്പോൾ നോക്കുകുത്തിയായി നിൽക്കുന്ന കാറ്റാടി യന്ത്രം പ്രദേശവാസികൾക്ക് പേടിസ്വപ്‌നമായി മാറിയിട്ട് നാളുകളേറെയായി. സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു സ്വകാര്യ വ്യക്തി കാറ്റാടി യന്ത്രം നിർമ്മിച്ചതും ഇവിടെയാണ്. മഞ്ചനമേട് സ്വദേശിയായ പ്രഭാകരനാണ് കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെറിയ യന്ത്രം ഇവിടെ സ്ഥാപിച്ചത്. ഇതിനേക്കുറിച്ച് പഠിക്കാൻ നിരവധി ആളുകൾ എത്തിയതിനെത്തുടർന്നാണ് ഇവിടെ കാറ്റാടിയന്ത്രം സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കിയത്. മഞ്ചനമേട്ടിലെ 30 കുടുംബങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകുമെന്നും വാഗ്ദാനം നൽകിയിരുന്നു. ഇതനുസരിച്ച് കാറ്റാടിയന്ത്രം സ്ഥാപിക്കുന്നതിനായി രണ്ട് വ്യക്തികൾ ജില്ലാ പഞ്ചായത്തിന് സ്ഥലം കൈമാറി. പിന്നീട് ഇവിടെ ലക്ഷങ്ങൾ മുടക്കി യന്ത്രം സ്ഥാപിക്കുകയും ചെയ്തു. ടവറിന് സമീപം തന്നെ കൺട്രോൾ റൂമും മറ്റ് മെഷീനറികളും സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഇവയെല്ലാം നശിച്ച നിലയിലാണ്. പല ഭാഗങ്ങളും തുരുമ്പെടുത്തും ദ്രവിച്ചും നിൽക്കുന്നതിനാൽ ഏതുനിമിഷവും ടവർ താഴേക്ക് പതിക്കാം. നിരവധി പേരാണ് ഇതിന് സമീപത്തായി താമസിക്കുന്നത്.
പൊളിച്ചു മാറ്റും
കാറ്റാടിയന്ത്രം പൊളിച്ചു നീക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. പരാതികളെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചത്.