sujatha
മെയ്ദിന റാലിയെ തുടർന്ന് നടന്ന പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

പീരുമേട്: കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ലോകത്ത് ഏറ്റവും മികച്ച രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത് സോഷ്യലിസ്റ്റ് രാജ്യങ്ങളിലായിരുന്നെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം സി.എസ്. സുജാത പറഞ്ഞു. വണ്ടിപ്പെരിയാറിൽ സി.ഐ.ടി.യു നേതൃത്വത്തിൽ നടത്തിയ മേയ്ദിന റാലിയെ തുടർന്ന് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൊവിഡ് കാലഘട്ടത്തിൽ ഉൾപ്പെടെ കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന് മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കാനായി. കേന്ദ്ര സർക്കാർ കടുത്ത തോതിലുള്ള ജനാധിപത്യവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായിട്ടുള്ള നടപടികളുമായിട്ടാണ് മുന്നോട്ടുപോകുന്നതെന്നും സുജാത പറഞ്ഞു. യോഗത്തിൽ പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ സെക്രട്ടറി സി.ആർ. സോമൻ അദ്ധ്യക്ഷനായി.
ചടങ്ങിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ. തിലകൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷൈലജ സുരേന്ദ്രൻ, കെ.എം. ഉഷ, പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എം. തങ്കദുര, എം.ടി. ലിസി എന്നിവർ സംസാരിച്ചു. റാലിയിൽ വിവിധമേഖലകളിൽ പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.