തൊടുപുഴ: ശക്തമായ കാറ്റിലും മഴയിലും കടപുഴകിയ മരങ്ങളുടെയും ശിഖരങ്ങളുടെയും അവശിഷ്ടങ്ങൾ മൂന്ന് ദിവസം കഴിഞ്ഞിട്ടും റോഡരികിൽ തന്നെ കിടക്കുന്നത് അപകടാവസ്ഥ സൃഷ്ടിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മുട്ടം പഞ്ചായത്ത്‌ പ്രദേശത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ കാറ്റും മഴയുമുണ്ടായത്. തുടർന്ന് പഞ്ചായത്ത്‌ പ്രദേശത്തുള്ള അനേകം വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും നാശം സംഭവിച്ചു. സ്വകാര്യ വ്യക്തികളുടെ പറമ്പിലും പൊതു സ്ഥലങ്ങളിലും നിന്നിരുന്ന മരങ്ങൾ ചുവടോടെ കടപുഴകുകയും ശിഖരങ്ങൾ വ്യാപകമായി ഒടിയുകയും ചെയ്തിരുന്നു. പ്രധാന പാതയോരങ്ങളിലേക്ക് വീണ മരങ്ങളും കൊമ്പുകളും നാട്ടുകാർ,​ പഞ്ചായത്ത്, അഗ്നിശമന വിഭാഗം, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ വെട്ടിമാറ്റിയെങ്കിലും അതെല്ലാം ഇപ്പോഴും റോഡരികിൽ തന്നെ കെട്ടിക്കിടക്കുകയാണ്. പെരുമറ്റം, മൂന്നാം മൈൽ, പെരുമറ്റം കനാലിന് സമീപം, മലങ്കര ഹില്ലി അക്വാ കുപ്പി വെള്ള ഫാക്ടറിക്ക് സമീപം, മുട്ടം എൻജിനിയറിങ് കോളേജിന് സമീപം, തുടങ്ങനാട് എന്നിവിടങ്ങളിലെ റോഡരികിൽ തള്ളിയ മരത്തിന്റെ വലിയ തടിക്കഷ്ണങ്ങളും ശിഖരങ്ങളും ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. പെരുമറ്റം കനാലിന് സമീപം റോഡിന്റെ രണ്ട് വശങ്ങളിലുമായിട്ടാണ് വലിയ തടിക്കഷ്ണങ്ങൾ ഉൾപ്പെടെയുള്ള മരത്തിന്റെ ശിഖരങ്ങൾ തള്ളിയിരിക്കുന്നത്. ഇതുവഴി കടന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാണാൻ പറ്റാത്ത വിധമാണ് ഇതെല്ലാം റോഡിൽ കിടക്കുന്നത്. രാത്രി കാലങ്ങളിലാണ് അപകട സാധ്യത ഏറ്റവും കൂടുതൽ. ഇരു ചക്ര വാഹനങ്ങളിൽ വരുന്നവർക്കാണ് അപക സാദ്ധ്യത കൂടുതൽ. പെരുമറ്റം പ്രദേശവാസികളായ ചിലർ റോഡിലെ അപകടാവാസ്ഥയെക്കുറിച്ച് പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ് അധികൃതരെ വിവരം അറിയിച്ചിരുന്നു. ഉടൻ വരാം എന്ന് പറഞ്ഞെങ്കിലും ആരും എത്തിയില്ല.

മരങ്ങൾ അപകടാവസ്ഥയിൽ

മുട്ടം, തുടങ്ങനാട്, ചള്ളാവയൽ, പെരുമറ്റം, ശങ്കരപ്പള്ളി, മൂന്നാം മൈൽ, കോടതിക്കവല, വിച്ചാട്ട് കവല, തോട്ടുങ്കര പ്രദേശങ്ങളിൽ റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. പൊതു മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് തവണ മരങ്ങൾ ലേലത്തിന് വച്ചെങ്കിലും പണിക്കാശ് പോലും കിട്ടില്ലെന്ന കാരണത്താൽ ലേലം കൊള്ളാൻ ആരും മുന്നോട്ട് വന്നില്ല. റോഡിന്റെ വശങ്ങളിലുള്ള മരങ്ങൾ പൊതു മരാമത്ത് പാലം വിഭാഗം, റോഡ് വിഭാഗം എന്നിവയുടെ കീഴിലായതിനാൽ മരത്തിന്റെ അപകടാവസ്ഥ ഇല്ലാതാക്കാൻ നൂലാമാലകൾ ഏറെയാണ്. ചെറിയ കാറ്റടിച്ചാൽ പോലും പ്രദേശത്തെ റോഡരികിലെ മരങ്ങൾ കടപുഴകി മറിയുന്നതും ശിഖരങ്ങൾ ഒടിയുന്നതും നിത്യ സംഭവങ്ങളാണ്. ഇതിൽ ജനങ്ങൾ ഏറെ ആശങ്കയിലുമാണ്. മരം പൂർണ്ണമായും മുറിച്ച് നീക്കാൻ കഴിയുന്നില്ലെങ്കിൽ ശിഖരങ്ങൾ നീക്കം ചെയ്തെങ്കിലും അപകടാവസ്ഥയ്ക്ക്‌ പരിഹാരം കാണണമെന്നാണ് ജനത്തിന്റെ ആവശ്യം. ഇത്‌ സംബന്ധിച്ച് കളക്ടർ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, തൊടുപുഴ തഹസീൽദാർ എന്നിവർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല.