ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി എട്ട് തവണ പീഡിപ്പിച്ച മദ്ധ്യവയസ്‌കന് 80 വർഷം തടവും 1,40,000 രൂപ പിഴയും. മൂന്നാർ നൈമക്കാട് എസ്റ്റേറ്റിലെ ഓട്ടോ ഡ്രൈവറായിരുന്ന കറുപ്പ സ്വാമിയെയാണ് (50) പൈനാവ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2015ലാണ് കേസിനാസ്പദമായ സംഭവം. ഒളിവിലായിരുന്ന പ്രതിയെ 2016ൽ മൂന്നാർ പൊലീസ് അറസ്റ്റു ചെയ്തു. പ്രതി വിവാഹിതരായ രണ്ടു പെൺമക്കളുടെ പിതാവുമാണ്. ഓരോ തവണ കുറ്റകൃത്യം നടത്തിയതിനും ഐ.പി.സി സെക്ഷൻ 450 അനുസരിച്ച് അഞ്ച് വർഷം വീതം കഠിന തടവും അയ്യായിരം രൂപ വീതം പിഴയും പ്രകാരം 40 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഓരോ തവണയും രണ്ട് മാസം വീതം കൂടി വെറും തടവ് അനുഭവിക്കണം. കൂടാതെ ഐ.പി.സി 376 (2), 376 (2.1) വകുപ്പുകൾ പ്രകാരം 20 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും വേറെയും ശിക്ഷിച്ചു. വീട്ടിൽ അതിക്രമിച്ച് കയറുകയും 13കാരിയെ പലതവണ പീഡിപ്പിക്കുകയും ചെയ്തതടക്കം വിവിധ കുറ്റങ്ങളാണ് പ്രതിക്ക് മേൽ ചുമത്തിയത്. ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ആകെ 20 വർഷമാകും തടവ്. പ്രതി പിഴയടക്കുന്ന പക്ഷം ഒരു ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനും കോടതി നിർദേശിച്ചു. സ്‌പെഷ്യൽ പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്.എച്ച്. സനീഷ് ഹാജരായി.