പൂച്ചപ്ര :അയൽ പുരയിടത്തിലെ തെങ്ങിൽ നിന്നും തേങ്ങ വീണ് മേൽക്കൂര തകർന്ന വീട്ടിൽ താമസിക്കാനാകാതെ വൃദ്ധ. പൂച്ചപ്ര തടങ്ങനാട്ട് കുട്ടിയമ്മ(67)ക്കാണ് കിടപ്പാടം അപകടത്തിലായത്. ഒരു സഹോദരി മാത്രമുളള കുട്ടിയമ്മ പാലക്കാട്ട് ഒരു വീട്ടിൽ ശിശുപരിചരണ ജോലിയിലാണ്. 2008ലാണ് നാല് സെന്റ് സ്ഥലം വാങ്ങി ആശ്രയ പദ്ധതി പ്രകാരം വീട് പണിതത്. സർക്കാർ സഹായമായ 35000 രൂപക്ക് പുറമേ 15000 രൂപ സ്വന്തം പണം മുടക്കിയുമാണ് ഷീറ്റിട്ട വീട് പൂർത്തീകരിച്ചത്. ഇതിന് ശേഷം ജോലിക്കായി പോയ കുട്ടിയമ്മ വല്ലപ്പോഴുമേ വീട്ടിൽ വരാറുണ്ടായിരുന്നുളളൂ. ഇതിനിടെ അയൽവാസിയുടെ പുരയിടത്തിലെ തേങ്ങ നിരന്തരം വീണ് വീടിന്റെ ഷീറ്റ് ഒന്നൊന്നായി തകർന്നു. വെളളിയാമറ്റം ഗ്രാമപഞ്ചായത്തിലും ജില്ലാ കലക്ടർ, ആർ ഡി ഒ എന്നിവർക്കും പരാതി നൽകി. വെളളിയാമറ്റം വില്ലേജ് ഓഫീസിൽ നിന്നും അന്വേഷണത്തിനെത്തിയെങ്കിലും കുട്ടിയമ്മയുടെ വീട്ടിൽ ആൾപാർപ്പില്ലെന്ന് പറഞ്ഞ് റിപ്പോർട്ട് നൽകി ഫയൽ അവസാനിപ്പിച്ചു. വീട് നിർമാണ ശേഷം ബാക്കിയുണ്ടായിരുന്ന കല്ല് ചിലർ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്..