കട്ടപ്പന :ഏലത്തോട്ടത്തിലെ സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറ്റിൽ അന്യ സംസ്ഥാനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല.വണ്ടൻമേട് മാലി റൂട്ടിൽ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള ഏലത്തോട്ടത്തിന് നടുവിലെ ആഴമേറിയ കിണറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ സ്ഥലമുടമ വെള്ളം പമ്പ് ചെയ്തപ്പോൾ വെളളം കലങ്ങി വന്നതിനെ തുടർന്ന് കിണർ വൃത്തിയാക്കാനായി തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു.ഇവരിൽ ഒരാൾ കിണറ്റിൽ ഇറങ്ങിയപ്പോഴാണ്
വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കാണ്ടെത്തിയത്.തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.പൊലീസ് അറിയിച്ചതനുസരിച്ച് 11 മണിയോടെ കട്ടപ്പനയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മുപ്പത് വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ ജഡത്തിന് 2 ദിവസത്തെ പഴക്കമുണ്ട്.തലയ്ക്ക് പിറകിൽ ആഴമേറിയ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.കിണറിനുള്ളിലേയ്ക്ക് വീണപ്പോഴുണ്ടായ ആഘാതത്തിലായിരിക്കും മുറിവുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വണ്ടൻമേട് ഭാഗത്തെ ഏലത്തോട്ടങ്ങളിൽ നിന്ന് അന്യ സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.