തൊടുപുഴ: ചാഴികാട്ട് ആശുപത്രിയും കാർക്കിനോസ് ഹെൽത്ത് കെയറും ചേർന്ന് രൂപം നൽകിയ കാൻസർ സെന്ററിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചാഴികാട്ട്- കാർക്കിനോസ് കാൻസർ സെന്റർ കഴിഞ്ഞ ജൂലായിൽ ചാഴികാട്ട് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. കാൻസർ അവബോധ സെമിനാറുകളും പരിശോധനകളും ജില്ലയുടെ നാനാ ഭാഗങ്ങളിലും കോട്ടയം, എറണാകുളം ജില്ലയിലെ വിവി ഭാഗങ്ങളിലും നടത്തിക്കൊണ്ടിരിക്കുകയാണ്. ഡോക്ടർ കൺസൾട്ടൻസി, ഡേകെയർ കീമോ തെറാപ്പി, ഓങ്കോളജി സർജറി, മുൻകൂട്ടിയുള്ള രോഗനിർണയ സ്ക്രീനിംഗ് എന്നിവയാണ് സെന്ററിൽ ലഭ്യമാകുന്ന സേവനങ്ങൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരുൾപ്പെട്ട മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡാണ് ചികിത്സാ പ്രോട്ടോക്കോൾ ആസൂത്രണം ചെയ്യുന്നത്. സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമെത്തുന്ന ഓങ്കോളജി സർജറി വിദഗ്ദ്ധരോടൊപ്പം ചാഴികാട്ട് ആശുപത്രിയിലെ ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, ഇ.എൻ.ടി ഹെ‌‌ഡ് ആന്റ് നെക്ക് സർജറി, ‌ഡെന്റൽ, ഗൈനക്കോളജി എന്നീ വിഭാഗങ്ങളും ശസ്ത്രക്രിയയിൽ പങ്കെടുക്കും. ചാഴികാട്ട് ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ഏഴിന് വൈകിട്ട് 3.30ന് ചേരുന്ന സമ്മേളനത്തിൽ കാൻസർ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റ്യൻ നിർവഹിക്കും. കീമോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എയും ഓങ്കോളജി സർജറി ഡിപ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം എം.എം. മണി എം.എൽ.എയും നിർവഹിക്കും. ഏർളി ഡിറ്റക്ഷൻ സെന്ററിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, ഐ.എം.എ തൊടുപുഴ സെക്രട്ടറി ഡോ. എസ്. വിവേക്, മൈനോറിട്ടി ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, തൊടുപുഴ അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മുൻ ദേശീയ പ്രസിഡന്റ് ഡോ. ഏലിയാസ് സണ്ണി, കാർക്കിനോസ് ഹെൽത്ത് കെയർ കേരള സി.ഇ.ഒ ആന്റ് മെഡിക്കൽ ഡയറക്ടർ ഡോ. മോനി എബ്രഹാം കുര്യാക്കോസ്, ഡയറക്ടർമാരായ ഡോ. കെ. രാമദാസ്, ഡോ. അജിത്ത് നമ്പ്യാർ, ചാഴികാട്ട് ആശുപത്രി ജോയിന്റ് എം.ഡി ഡോ. സി.എസ്. സ്റ്റീഫൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ചാഴികാട്ട് ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻ, ജോയിന്റ് എം.ഡി ഡോ. സി.എസ്. സ്റ്റീഫൻ, ജനറൽ മാനേജർ തമ്പി മാവേലിക്കര, കാർക്കിനോസ് ഹെൽത്ത് കെയർ ഡയറക്ടർ ഡോ. കെ. രാമദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.