നെടുങ്കണ്ടം : പട്ടികജാതി വിഭാഗത്തിൽ പെട്ട വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീടിനു നേരെ സാമൂഹ്യ വിരുദ്ധാക്രമണം. കല്ലാർ ടണൽ ഭാഗത്ത് താമസിക്കുന്ന കരിമ്പോലിൽ കുട്ടപ്പൻ (70), ഭാര്യ കരുണമ്മ (66) ദമ്പതികളുടെ വീടിന്റെ ജനൽ ചില്ലകളാണ് എറിഞ്ഞുതകർത്തത്.ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. ഈ സമയം ഇവർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്ദം കേട്ടതോടെ ഭയപ്പെട്ട ദമ്പതികൾ.ഈ സമയം അതിശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ജനൽ ചില്ലുകൾ തകർന്നതായി കണ്ടെത്തി. വീടിന് പുറത്ത് ഇഷ്ടിക കഷണങ്ങളും ഉണ്ടായിരുന്നു. ചുടുകട്ട കൊണ്ട് എറിഞ്ഞ് ജനൽ തകർക്കുകയായിരുന്നു. സംഭവമറിഞ്ഞ് രാത്രി തന്നെ പോലിസ് സ്ഥലത്തെത്തിയിരുന്നു. ഗ്യഹനാഥൻ്റെ പരാതിയെ തുടർന്ന് നെടുംകണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈഫ് പദ്ധതി വഴി ലഭിച്ചതാണ് ഇവരുടെ വീട്.കരുണമ്മ വർഷങ്ങളായി തളർന്ന് കിടപ്പാണ്.കുട്ടപ്പനും നിരവധി രോഗങ്ങൾക്ക് ചികിൽസയിലുമാണ്.കഴിഞ്ഞ ദിവസം ടണൽ ഭാഗത്ത് റോഡുനിർമ്മാണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരുന്നു. റോഡിന് അനുകൂലമായി കുട്ടപ്പൻ പ്രതികരിച്ചിരുന്നു.ഇതിൻ്റെ വൈരാഗ്യമാകാം കല്ലേറിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.