രാജാക്കാട്: ബൈസൺവാലി ഇരുപതേക്കറിലുള്ള സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന് റവന്യൂ വകുപ്പ് വക സ്റ്റോപ് മെമ്മോ. എൻ.ഒ.സി ഇല്ലാതെ പട്ടയമില്ലാത്ത ഭൂമിയിലാണ് ബഹുനില ഓഫിസ് മന്ദിരം നിർമിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എം.എം. മണി എം.എൽ.എയുടെ വീടിരിക്കുന്ന പ്രദേശം ഉൾപ്പെടുന്ന പൊട്ടൻകാട് ലോക്കൽ കമ്മിറ്റിയുടെ ഓഫിസ് നിർമ്മാണത്തിന് സ്റ്റോപ് മെമ്മോ ലഭിച്ചത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി. ഏതാനും ദിവസം മുമ്പ് ദേവികുളം സബ് കളക്ടർ സ്ഥലത്ത് സന്ദർശനം നടത്തുകയും തുടർ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയുമായിരുന്നു. പൊട്ടൻകാട് ലോക്കൽ കമ്മിറ്റിയുടെ ഓഫീസ് നിർമ്മാണത്തിന് സ്റ്റോപ് മെമ്മോ നൽകി റിപ്പോർട്ട് സബ് കളക്ടർക്ക് സമർപ്പിച്ചതായി ബൈസൺവാലി വില്ലേജ് ഓഫീസർ പറഞ്ഞു.