കട്ടപ്പന: ജില്ലയിലെ ചെറുകിട തേയില കർഷകരുടെ പച്ചക്കൊളുന്ത് വിലയ്‌ക്കെടുക്കാൻ പല ഫാക്ടറികളും വിസ്സമ്മതിക്കുന്നതായി തേയില കർഷക ഫെഡറേഷൻ. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ലോറികളിലെത്തുന്ന നിലവാരം കുറഞ്ഞതും വിലക്കുറവുള്ളതുമായ പച്ചക്കൊളുന്ത് ഇടുക്കിയിലെ തേയിലയുമായി ഇടകലർത്തി സംസ്‌കരിച്ച് വിൽക്കുന്ന വൻ റാക്കറ്റുകളുടെ പിടിയിലായിരിക്കുകയാണ് മിക്ക തേയില ഫാക്ടറികളും. കൂടല്ലൂർ, കൂനൂർ, ഊട്ടി കോത്തഗിരി, വാൾപ്പാറ, വയനാട് ജില്ലകളിൽ നിന്നുമാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പച്ചക്കൊളുന്ത് ഇറക്കുമതി ചെയ്യുന്നത്. പച്ചക്കൊളുന്തിന്റെ വിലയിടിച്ച് കർഷകരെ ദുരിതത്തിലാക്കാൻ മനപൂർവ്വം ഫാക്ടറികൾ ശ്രമിക്കുകയാണെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ അരോപിച്ചു. നടപടി ആവശ്യപ്പെട്ട് ടീ ബോർഡ് ഉദ്യോഗസ്ഥരെ സംഘടനകൾ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ സ്ഥിതി തുടർന്നാൽ കർഷകദ്രോഹ നടപടിക്കെതിരെ സമരം ചെയ്യേണ്ടി വരുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ മുന്നറിയിപ്പ് നൽകി.