തൊടുപുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്തും സ്‌കൂൾ പി.ടി.എയും ചേർന്നു നടത്തുന്ന അവധിക്കാല ക്യാമ്പായ 'വേനൽ മഴ'യ്ക്ക് കുമാരമംഗലം ഗവ. എൽ.പി സ്‌കൂളിൽ തുടക്കം. പൊതുവിദ്യാലയങ്ങൾക്ക് അക്കാദമിക് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ പരിഷത്ത് തൊടുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കുമാരമംഗലം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഷെമീന നാസർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉഷാ രാജശേഖരൻ ആശംസാ പ്രസംഗം നടത്തി. പരിഷത്ത് ജില്ലാ സെക്രട്ടറി വി.വി. ഷാജി പദ്ധതി വിശദീകരണം നടത്തി. ചിത്രമഴ, ശാസ്ത്രമഴ, കളിമഴ, പാട്ടു മഴ എന്നിങ്ങനെ വിവിധ മേഖലകളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. തുടർന്ന് രക്ഷാകർതൃ ശാക്തീകരണ പരിപാടികളും അടുത്ത പ്രവർത്തനവർഷത്തേക്കുള്ള നൂതനാശയങ്ങളും പങ്കുവയ്ക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന് ടോം ജോസഫ്, രതീഷ് ചന്ദ്രൻ, റിനോജ് ജോൺ, പി.കെ. രവീന്ദ്രൻ, എ.പി. കാസീം, കെ.പി. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകും. പി.ടി.എ പ്രസിഡന്റ് ഉല്ലാസ് മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എച്ച്.എം ഇൻ ചാർജ് ഷാജിമോൻ.പി.ജി സ്വാഗതവും ലേഖ ടീച്ചർ നന്ദിയും പറഞ്ഞു.