ഇടവെട്ടി: ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെയും ഭരണസമിതിക്ക് നേതൃത്വം കൊടുക്കുന്ന പ്രസിഡന്റിനെതിരെയും നടത്തുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ആവശ്യപ്പെട്ടു. മാർത്തോമ കുരിശുപള്ളിക്കവലയിൽ ആയിരക്കണക്കിന് ലോഡ് മണ്ണ് ഇടിച്ച് പാടം നികത്തിയതിന്റെ ഭാഗമായുള്ള പരാതിയിന്മേൽ റവന്യുവകുപ്പ് നടപടി സ്വീകരിച്ചിരുന്നു. പ്രസിഡന്റിന്റെ സഹോദരന്റെ ഭൂമിയാണെന്നും, അവിടെനിന്നാണ് ജെസിബിയും ടിപ്പർ ലോറികളും പിടിച്ചെടുത്തിട്ടുള്ളതെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് അറിയിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തുന്ന നിലം നികത്തൽ ബന്ധപ്പെട്ടവർ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരം പ്രവർത്തികൾക്ക് ആരെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല ഭരണ സമിതിയുടേതെന്നും പ്രസിഡന്റ് പറഞ്ഞു.