അടിമാലി: അടിമാലി എട്ടേക്കർ പെട്ടിമുടിയിൽ വീടിന് ഇടിമിന്നലേറ്റു. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു പുത്തൻപുരക്കൽ സുഭദ്ര ബേബിയുടെ വീടിന് ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചത്. ഇടിമിന്നലിൽ വീടിന്റെ മേൽക്കൂരയ്ക്കും അടുക്കളയ്ക്കും ശുചിമുറിയ്ക്കും വരാന്തയ്ക്കും കേടുപാടുകൾ സംഭവിച്ചു. വീടിന്റെ വയറിംഗ് നശിച്ചു. സംഭവ സമയത്ത് താനും പ്രായമായ മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്ന് സുഭദ്ര പറഞ്ഞു. വീടിന് കേടുപാടുകൾ സംഭവിച്ചെങ്കിലും സുഭദ്രയും മാതാവും അപകടത്തിൽ നിന്ന് പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് സുഭദ്രയുടെ വീടിന്റെ മേൽക്കൂര തകർന്നിരുന്നു. ഷീറ്റ് വാങ്ങിയിട്ട് വീട് ഒരുവിധം വാസയോഗ്യമാക്കി മുമ്പോട്ട് പോകവെയാണ് ഇടിമിന്നലിൽ വീടിന് വീണ്ടും വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചത്. വാസയോഗ്യമായൊരു വീട് നിർമ്മിക്കാൻ അധികൃതരുടെ സഹായം വേണമെന്നാണ് സുഭദ്രയുടെ ആവശ്യം.