ചെറുതോണി: മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ കീഴിൽ വരുന്ന തൊടുപുഴ, ദേവികുളം, ഉടുമ്പഞ്ചോല, വണ്ടിപ്പെരിയാർ എന്നീ ഓഫീസുകൾ സംയുക്തമായി മേയ് 27 ന് ചെറുതോണി ടൗൺ ഹാളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 11 മണി വരെ പരാതി പരിഹാര അദാലത്ത് നടത്തും. ഗതാഗത മന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം ചെയ്യും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. പരിപാടിയിൽ ജില്ലയിൽനിന്നുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. ഇടുക്കി ജില്ലയിലെ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടുന്ന പരാതികൾ തപാൽ മുഖേനയോ നേരിട്ടോ മേയ് 21 ന് മുൻപായി ബന്ധപ്പെട്ട ഓഫീസുകളിൽ സമർപ്പിക്കണം. അദാലത്തിൽ മന്ത്രി പരാതികൾ നേരിട്ട് കേൾക്കും. നികുതി സംബന്ധമായ വിഷയങ്ങൾ, ദീർഘകാലമായി തീർപ്പാക്കാത്ത ഫയലുകൾ, ചെക്ക് റിപ്പോർട്ടുകൾ മുതലായവ ഇതോടൊപ്പം പരിഗണിക്കും. കൂടാതെ ഉടമ കൈപ്പറ്റാതെ ഓഫീസിൽ മടങ്ങി വന്നിട്ടുള്ള ആർ.സി, ലൈസൻസുകൾ എന്നിവ നേരിട്ട് ലഭിക്കുന്നതിനായി മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖകളുമായി നേരിട്ട് എത്തണം. ഫോൺ : ഓഫീസ്: 04862232244, ജോയിന്റ് ആർടിഒ: 9188961906.