ഉടുമ്പന്നൂർ: കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ കേസിൽ വന സംരക്ഷണ സമിതി പ്രസിഡന്റ് വനം വകുപ്പിന്റെ പിടിയിലായി. മനയത്തടം കുന്നത്തേൽ ജോസഫ് എബ്രഹാം(73) ആണ് അറസ്റ്റിലായത്. തൊടുപുഴ റേഞ്ചിലെ വേളൂർ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. വനത്തിനുള്ളിൽ വച്ച് കാട്ടുപന്നിയെ കുരുക്കുവച്ച് പിടികൂടിയ ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. പിന്നീട് ഇറച്ചി പലർക്കായി വിൽപ്പന നടത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വേളൂർ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 4 കിലോയോളം ഇറച്ചിയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ 3 പേർ കൂടി പിടിയിലാവാനുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. അതേ സമയം കേസിൽ പ്രതികളുപയോഗിച്ച തോക്ക് അടക്കമുള്ളവ ഇനിയും വനംവകുപ്പിന് കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് ഇതിന് പരിഹാരം കാണാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.