തൊടുപുഴ: കേരള ടൂറിസം വകുപ്പുമായി സഹകരിച്ച് കേരള പ്രൊസൈക്ലിംഗ് ലീഗ് മലങ്കര എസ്റ്റേറ്റിൽ നാളെ രാവിലെ ഏഴ് മുതൽ മൗണ്ടൻ സൈക്കിൾ ചാമ്പ്യൻഷിപ്പ് നടത്തും. 11 വയസിൽ താഴെയുള്ള കുട്ടികൾ മുതൽ വിവിധ തരക്കാരായ റൈഡേഴ്‌സ് ഈ ഫയർ സ്റ്റോം എം.ടി.ബി ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മത്സരത്തിനായി ഏഴ് കിലോ മീറ്റർ നീളമുള്ള ട്രാക്കാണ് ഒരുക്കിയിരിക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം രാവിലെ ഒമ്പതിന് ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഫ്ലാഗ് ഒഫ് ചെയ്യും. കേരള പ്രൊ സൈക്ലിംഗ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഷിറാസ് അദ്ധ്യക്ഷനാകും. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാംപുറം, സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർമാരായ കെ.കെ. തോമസ്, കെ.എൽ. ജോസഫ്, വാർഡ് മെമ്പർ എൽസമ്മ സെബാസ്റ്റ്യൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ജിതേഷ്, ഇന്റർനാഷണൽ സൈക്ലിസ്റ്റ് ഫായിസ് അഷ്‌റഫ് അലി, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എം. ബാബു, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.ആർ. സോമൻ, ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ പി.കെ. രാജേന്ദ്രൻ സ്വാഗതവും കെ.പി.സി.എൽ മീഡിയ കോർഡിനേറ്റർ ജോൺ ജോസഫ് നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി ശാന്തൻ വി. നായർ, ഓർഗനൈസിംഗ് കൺവീനർ പി.കെ. രാജേന്ദ്രൻ, പ്രസിഡന്റ് മുഹമ്മദ് ഷിറാസ് ടി.എ, ഫയർഫോക്സ് സെയിൽസ് ഹെഡ് നിധിൻ, കെ.പി.സി.എൽ സെക്രട്ടറി ജയ്മോൻ കോര എന്നിവർ പങ്കെടുത്തു.