
'
ഇടുക്കി: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികം'എന്റെ കേരളം' പ്രദർശനവിപണനമേള മമേയ് 9 മുതൽ 15 വരെ വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ മൈതാനിയിൽ നടത്തും. രാവിലെ 9.30 യ്ക്ക് ചെറുതോണി പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും സാംസ്‌കാരികഘോഷയാത്ര മേള നഗരിയിലേക്ക് എത്തും. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം വൈകുന്നേരം 4 ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. യോഗത്തിൽ എംഎം മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം പിമാർ, എം എൽ എ മാർ, ജില്ലാ കളക്ടർ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് 6ന് ജില്ലയിലെ കലാകാരൻമാരുടെ നാടൻപാട്ട്, തുടർന്ന് പ്രശസ്ത കലാകാരൻ രാജേഷ് ചേർത്തലയുടെ മ്യൂസിക് ഫ്യൂഷനും വേദിയിൽ അരങ്ങേറും. മേളയിൽ സൗജന്യസേവനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, എല്ലാ ദിവസവും കലാപരിപാടികൾ, സെമിനാർ, രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേള, കാർഷികപ്രദർശനവിപണനമേള, കൈത്തറി മേള, ജർമ്മൻ ഹാംഗറിലുള്ള എ.സി എക്‌സിബിഷൻ സ്റ്റാൾ, വിസ്മയിപ്പിക്കുന്ന ശബ്ദ സന്നിവേശ സംവിധാനം, ഇടുക്കിയെ അറിയാൻ ഡോക്യുമെന്ററികൾ എന്നിവ ഉണ്ടാകും. എല്ലാ ദിവസവും 6 മുതൽ പ്രാദേശിക കലാകാരൻമാർ അണി നിരക്കുന്ന വിവിധ കലാപരിപാടികളും തുടർന്ന് കലാ സാംസ്‌കാരിക സന്ധ്യയും എന്റെ കേരളം അരങ്ങിൽ നടക്കും. മേളയുടെ രണ്ടാം ദിനമായ മേയ് 10 ന് വൈകിട്ട് 7ന് ബിനു അടിമാലിയുടെ മെഗാഷോ, 11 ന് പ്രസീത ചാലക്കുടിയുടെ നാടൻ പാട്ട്, 12ന് കലാസാഗർ ഇടുക്കിയുടെ ഗാനമേള, 13 ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള, 14 ന് ജോബി പാലായുടെ മെഗാ ഷോ, സമാപന ദിനമായ 15 ന് പിന്നണി ഗായകൻ വിധുപ്രതാപിന്റെ ഗാനമേള തുടങ്ങിയവ ആഘോഷപരിപാടികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
138 സ്റ്റാളുകൾ, സൗജന്യസേവനങ്ങൾ
കോവിഡ് പ്രതിസന്ധിക്കു ശേഷം സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കും. 50,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലിൽ 138 സ്റ്റാളുകളാണുള്ളത്. 51 വാണിജ്യ സ്റ്റാളുകളും 87 തീം സ്റ്റാളുകളും വ്യത്യസ്തമായ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും കാർഷികോൽപന്ന പ്രദർശനവിപണനമേളയും ദിവസവും പ്രശസ്തരുടെ കലാപരിപാടികളും ഇതോടൊപ്പം നടക്കും.