കട്ടപ്പന: നേരത്തേയുണ്ടായ തർക്കത്തിന്റെ പേരിൽ ദളിത് യുവാവിനെ ക്രൂരമായി മർദിച്ച സി.പി.എം.ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്ന് പേരെ കട്ടപ്പന ഡി വൈ എസ് പി അറസ്റ്റ് ചെയ്തു.സി.പി.എം ചേമ്പളം ബ്രാഞ്ച് സെക്രട്ടറി മുള്ളുകാലായിൽ ഷാരോൺ (30), ചേമ്പളം മഠത്തിൽ ദിപിൻ (31), വട്ടപ്പാറ പുളിമൂട്ടിൽ സോനു (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എറണാകുളം റേഞ്ച് ഐ.ജി.യുടെ നിർദേശപ്രകാരമാണ് കട്ടപ്പന ഡി.വൈ.എസ്.പി. വി.എ.നിഷാദ്‌മോൻ പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാർച്ച് 14 നാണ് ചേമ്പളം മരുതുങ്കൽ ലിനോ ബാബുവിന് മർദ്ദനമേറ്റത്.വൈകിട്ട് 6.30 ഓടെ ഷാരോണിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെ ആക്രമിക്കുകയായിരുന്ന എന്നാണ് ലിനോ പൊലീസിന് നൽകിയ മൊഴി. മർദ്ദനത്തെ തുടർന്ന് തലയ്ക്കും ദേഹത്തും മാരകമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അന്ന് രാത്രിയിൽ ഷാരോണും സംഘവും ചേമ്പളം ടൗണിൽ വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് ചേമ്പളത്ത് നിന്ന് പ്രതി ഷാരോണിനെയും മറ്റു രണ്ടു പ്രതികളെയും നെടുങ്കണ്ടംപൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.എന്നാൽ പരാതിക്കാരൻ പട്ടികജാതി വിഭാഗക്കാരനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ താമസം നേരിട്ടെന്ന കാരണത്താൽ ആവശ്യപ്പെടുമ്പോൾ ഹാജരായാൽ മതിയെന്ന നിബന്ധനയിൽ പ്രതികളെ വിട്ടയച്ചിരുന്നു.തുടർന്ന് കേസിൽ നടപടികളൊന്നും ഉണ്ടാകാതെ വന്നതോടെയാണ് ലിനോ എറണാകുളം റേഞ്ച് ഐ.ജിയെ സമീപിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.