നെടുങ്കണ്ടം : പഞ്ചായത്ത് റോഡിലൂടെ സൈക്കിൾ ഓടിച്ചതിന് പന്ത്രണ്ട്കാരനെ പ്രദേശവാസി സൈക്കിളിൽ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതായി പരാതി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കോമ്പയാർ ബ്ലോക്ക് നമ്പർ 727ൽ സന്തോഷിന്റെ മകൻ ശരത് (12) ഓടിച്ചിരുന്ന സൈക്കിൾ കോമ്പയാർ പുളിക്കപ്പറമ്പിൽ സന്തോഷ്(കണ്ണൻ31) തടഞ്ഞ് നിർത്തുകയായിരുന്നു. സന്തോഷിന്റെ വീടിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ സൈക്കിൾ ഓടിക്കാൻ പാടില്ലായെന്നു പറഞ്ഞു സൈക്കിളിന്റെ ഹാന്റിലിൽ പിടിക്കുകയും തുടർന്ന് സൈക്കിളിൽ നിന്ന് തള്ളിയിടുകയുമായിരുന്നു. നിലത്ത് വീണ ശരത്തിന്റെ കൈയ്ക്കും കാലിനും പിടിച്ച് കോൺക്രീറ്റ് റോഡിലൂടെ വലിക്കുകയായിരുന്നു. സന്തോഷ് ഈ സമയം മദ്യലഹരിയിലായിരുന്നതായി പറയുന്നു. വലുത് കാലിന്റെ മുട്ടിന് താഴെ പരിക്ക് പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്നലെ ശരത് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിൽ സിഐ ബി.എസ് ബിനുവിന് പരാതി നൽകുകയുമായിരുന്നു. പരാതിപ്രകാരം കേസെടുത്തായി നെടുങ്കണ്ടം സിഐ അറിയിച്ചു.