sss

മൂന്ന്പേർക്കെതിരെ കേസെടുത്തു

പീരുമേട്:വണ്ടിപ്പെരിയാർ സത്രത്തിലെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. പരിക്കേറ്റവർ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സംഭവത്തിൽ മഞ്ചുമല സ്വദേശിയായ എം. അയ്യപ്പൻ എന്നായാളിനൊപ്പം കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ വണ്ടിപ്പെരിയാർ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏലപ്പാറയിൽ നിന്നും വണ്ടിപ്പെരിയാർ സത്രത്തിൽ വിനോദസഞ്ചാരത്തിനെത്തിയ ഒരു കുടുംബത്തിലെ എട്ടുപേരെ സത്രത്തിൽ പോയി മടങ്ങുന്നതിനിടെ മൗണ്ടിന് സമീപം വച്ച് ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. വിനോദ സഞ്ചാരികളുടെ വാഹനത്തിൽ മറ്റൊരു വാഹനംകൊണ്ട് ഇടിപ്പിച്ച് സ്ത്രീകൾ ഉൾപ്പടെയുള്ളവരെ ഭീതിയിലാക്കി. ഇവർ ബഹളം വെച്ചെങ്കിലും അക്രമികൾ കുറേ സമയത്തേക്ക് ഇവിടെ നിന്നും പിൻമാറാൻ തയാറായില്ല. ആക്രമണത്തിൽ പരിക്കേറ്റ ഏലപ്പാറ ഗ്ലെൻ മേരി എസ്റ്റേറ്റ് മേഖലയിൽ താമസക്കാരായ അമിത് ,സിബി,എദിൻ, ആഷ, ലൂക്കാ, ജഗൻ ഡെന്നി, ആൻസി എന്നിവർ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി.

'വിനോദ സഞ്ചാരികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് തിരിച്ചറിയുകയായിരുന്നു. ഉടനെതന്നെ പ്രതികളെ അറസ്റ്റ് ചെയ്യും'

സുനിൽകുമാർ

വണ്ടിപ്പെരിയാർ സി.ഐ.