തൊടുപുഴ: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ സൂചനാ പണിമുടക്കിൽ സി.ഐ.ടി.യുവടക്കമുള്ള യൂണിയനിലെ ജീവനക്കാരും പങ്കാളികളായതോടെ ജില്ലയിലെ ബസ് സർവീസുകൾ പൂർണമായും നിലച്ചു. നെടുങ്കണ്ടത്ത് നിന്നും കുമളിയിൽ നിന്നുമുള്ള ഓരോ ബസുകൾ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. ഇതോടെ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന ജില്ലയിലെമ്പാടുമുള്ള ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്), എ.ഐ.ടി.യു.സി, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് എന്നിവരാണ് പണി മുടക്ക് ആഹ്വാനം ചെയ്തത്. സി.ഐ.ടി.യു നേതൃത്വം പിന്തുണച്ചില്ലെങ്കിലും ഭൂരിപക്ഷം ജീവനക്കാരും സമരത്തിനിറങ്ങി.
ഇതോടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ദീർഘദൂര സർവീസുകളുൾപ്പെടെ മുടങ്ങി. ഗ്രാമീണ സർവീസുകളും ചെയിൻ സർവീസുകളും പ്രവർത്തിക്കാനായില്ല. ഇതോടെ കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കമുള്ള യാത്രക്കാരും നട്ടംതിരിഞ്ഞു. തൊടുപുഴ ഡിപ്പോയിൽ ആകെയുള്ള 44 സർവീസുകളും മുടങ്ങി.
ദീർഘദൂര ബസുകളും ഓടിയില്ല.
കട്ടപ്പന സബ് ഡിപ്പോയിൽ നിന്നും ദീർഘ ദൂര ബസുകൾ അടക്കം ഒരു സർവ്വീസും ഓപ്പറ്റേറ് ചെയ്തില്ല. ആകെയുള്ള 28 സർവ്വീസുകളും മുടങ്ങി. വ്യാഴാഴ്ച രാത്രിയിൽ തിരുവനന്തപുരം ഡിപ്പോയിൽ നിന്നെത്തിയ രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസുകൾ മാത്രമാണ് തിരികെ സർവ്വീസ് നടത്തിയത്. കുമളി ഡിപ്പോയിൽ നിന്ന് രാവിലെ കട്ടപ്പനയ്ക്കുള്ള ബസ് മാത്രമാണ് ഇന്നലെ സർവ്വീസ് നടത്തിയത്. കുമളി ഡിപ്പോയിൽ നിന്ന് നിലവിൽ 26 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. അന്തർസംസ്ഥാന സർവീസുകളും ഓടിയില്ല. നെടുങ്കണ്ടം ഡിപ്പോയിൽ നിന്ന് വൈകിട്ട് 4.30നുള്ള കണ്ണൂർ സൂപ്പർഫാസ്റ്റ് സർവീസ് നടത്തി. ആകെ ഒമ്പത് സർവീസുകളാണ് ഇവിടെയുള്ളത്. സ്വകാര്യ ബസ് സർവീസുകൾ കൂടുതൽ ഓടുന്ന റൂട്ടുകളിൽ മാത്രം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടില്ല. പണിമുടക്കിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് സമരാനുകൂല യൂണിയനുകളിൽപ്പെട്ട ജീവനക്കാർ മാർച്ചും ധർണയും നടത്തി. തൊടുപുഴയിൽ ഡ്രൈവേഴ്‌സ് യൂണിയൻ യൂണിറ്റ് സെക്രട്ടറി മാർട്ടിൻ മാത്യുവിന്റെ അദ്ധ്യഷതയിൽ നടന്ന പ്രതിഷേധ ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി സിജീ ജോസഫ് ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന പ്രകടനത്തിൽ അബ്ദുൾ ലത്തീഫ്, ജിനോ ഗോപാൽ, പോൾ ചാക്കോ, സിറിൽ ജോർജ് എന്നിവർ നേതൃത്വം നൽകി. കുമളിയിൽപണിമുടക്കിയ ജീവനക്കാർ കുമളിയിൽ യോഗം ചേർന്നു. റഷീദ്(എ.ഐ.ടി.യു സി.) ജിനു ജോൺ(ഐ.എൻ.റ്റി.യു.സി.) എന്നിവർ സംസാരിച്ചു.