കട്ടപ്പന : പുതിയ ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നടന്ന മണ്ണ് ഖനനം കട്ടപ്പന വില്ലേജ് ഓഫീസർ തടഞ്ഞു. മണ്ണെടുക്കാൻ ഉപയോഗിച്ച ജെ സി ബി യും കടത്താൻ എത്തിച്ച ടിപ്പറും പിടിച്ചെടുത്ത് പൊലീസിന് കൈമാറി.ബസ് സ്റ്റാൻഡിൽ കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്ററിന് എതിർവശത്തെ കാട് കയറിക്കിടക്കുന്ന സ്ഥലത്ത് നിന്നാണ് വെള്ളിയാഴ്ച്ച രാത്രിയിൽ അനുമതിയില്ലാതെ മണ്ണ് കടത്തിയത്. ഫോണിൽ ലഭിച്ച പരാതിയെ തുടർന്നാണ് കട്ടപ്പന വില്ലേജ് ഓഫീസർ ജയ്സൺ ജോർജ് നേരിട്ടെത്തി പ്രവർത്തനം തടഞ്ഞത്.മണ്ണ് എടുത്തുമാറ്റാനുള്ള മുൻകൂർ അനുമതിയോ രേഖകളോ സ്ഥലമുടയുടെ പക്കൽ ഇല്ലായിരുന്നുവെന്ന് വില്ലേജ് ഓഫീസർ വ്യക്തമാക്കി.വീടു നിർമ്മാണത്തിനല്ലാതെ വാണിജ്യപരമായ ആവശ്യത്തിനോ കെട്ടിടം നിർമ്മിക്കാനോ കല്ലും മണ്ണും എടുത്തുമാറ്റണമെങ്കിൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.സംഭവത്തിൽ ജിയോളജി വകുപ്പിന് റിപ്പോർട്ട് കൈമാറുമെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.